സൗദി അറേബ്യക്കെതിരെ ആദ്യ നഷ്‌ടപരിഹാര കേസ് ഫയൽ ചെയ്തു
Wednesday, October 5, 2016 5:59 AM IST
വാഷിംഗ്ടൺ: ന്യൂയോർക്കിൽ 2001 സെപ്റ്റംബർ 11 ന് നടന്ന ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട നേവി കാമാൻഡർ പാട്രിക് ഡണിന്റെ വിധവ സൗദി അറേബ്യക്കെതിരെ ആദ്യ ലൊ സ്യൂട്ട് ഫയൽ ചെയ്തു.

9/11 ആക്രമണത്തിൽ പങ്കെടുത്ത 19 പേരിൽ 15 പേരും സൗദി പൗരന്മാരായി രുന്നതിനാൽ ഭീകരാക്രമണ ഉത്തരവാദിത്വത്തിൽ നിന്നും സൗദി അറേബ്യക്ക് ഒഴിഞ്ഞുമാറാൻ സാധ്യമല്ലെന്നും മരിച്ചവരുടേയും പരിക്കേറ്റവരുടേയും കുടുംബാംഗങ്ങൾക്ക് സൗദി അറേബ്യ നഷ്‌ടപരിഹാരം നൽകുവാൻ ബാധ്യസ്‌ഥരാണെന്നും ചൂണ്ടിക്കാട്ടി വാഷിംഗ്ടൺ ഡിസി യുഎസ് ഡിസ്ട്രിക്ട് കോടതിയിലാണ് പാട്രിക്കിന്റെ വിധവ നഷ്‌ടപരിഹാരം ആവശ്യപ്പെട്ട് കേസ് ഫയൽ ചെയ്തിരിക്കുന്നത്.

അൽഖായിദ നേതാവ് ഉസാമ ബിൽലാദന് സൗദി ഒരു ദശാബ്ദത്തോളം ആവശ്യമായ സഹായം ചെയ്തിരുന്നുവെന്നും ഭീകരാക്രമണത്തെക്കുറിച്ച് അറിവുണ്ടായിട്ടും തടയാൻ ശ്രമിച്ചില്ലെന്നും കോടതിയിൽ ഹാജരാക്കിയ രേഖകളിൽ ചൂണ്ടിക്കാണിക്കുന്നു.

യുഎസ് കോൺഗ്രസ് അംഗീകരിച്ച ബിൽ നിയമമായതിനുശേഷം ഫയൽ ചെയ്ത ആദ്യ നഷ്‌ടപരിഹാര കേസാണിത്.

ബിൽ നിയമാകുന്നത് സൗദിയുമായുളള നയതന്ത്ര ബന്ധങ്ങളിൽ വിളളലുണ്ടാക്കുമെന്നും വിദേശത്ത് സേവനം അനുഷ്ഠിക്കുന്ന സേനാംഗങ്ങളേയും മറ്റ് ഒഫീഷ്യൽസിനേയും ഇതു പ്രതികൂലമായി ബാധിക്കുമെന്നും ചൂണ്ടിക്കാട്ടി പ്രസിഡന്റ് ഈ ബിൽ വീറ്റോ ചെയ്തിരുന്നു. എന്നാൽ യുഎസ് കോൺഗ്രസിന്റെ മൂന്നിൽ രണ്ട് ഭൂരിപക്ഷം അംഗങ്ങളുടെ പിന്തുണയോടെ ഒബാമയുടെ വീറ്റോ മറികടക്കുകയായിരുന്നു.

അതേസമയം നഷ്‌ടപരിഹാര കേസിനെക്കുറിച്ചു സൗദി എംബസി ഇതുവരെ പ്രതികരിച്ചിട്ടില്ല.

റിപ്പോർട്ട്: പി.പി. ചെറിയാൻ