ഷിക്കാഗോ പബ്ലിക് സ്കൂൾ അധ്യാപകരെ പിരിച്ചു വിടൽ ആരംഭിച്ചു
Wednesday, October 5, 2016 5:58 AM IST
ഷിക്കാഗോ: ഷിക്കാഗോ പബ്ലിക് സ്കൂളുകളിൽ നിന്നും അധ്യാപകരെ പിരിച്ചു വിടുന്നതിന്റെ മുന്നോടിയായി 134 അധ്യാപകരേയും 103 അനധ്യാപകരേയും പിരിച്ചു വിട്ടതായി ജില്ലാ വിദ്യാഭ്യാസ അധികൃതർ അറിയിച്ചു.

ലഭ്യമായ വിദ്യാഭ്യാസ ഫണ്ട് ഉപയോഗിച്ചു നിലവിലുളള അധ്യാപകരെ നിലനിർത്തുന്നതിന് എല്ലാ ശ്രമങ്ങളും നടത്തി വരുന്നതായും വിദ്യാഭ്യാസ വക്‌താവ് എമിലി ബിറ്റ്നർ പറഞ്ഞു.

ഈ അധ്യയനവർഷത്തെ വിദ്യാർഥികളുടെ എണ്ണത്തിൽ 3.5 ശതമാനം കുറവും കഴിഞ്ഞ 10 വർഷം കൊണ്ടു വിദ്യാർഥികളുടെ എണ്ണം 6.8 ശതമാനവും കുറഞ്ഞിട്ടുണ്ട്. 2015–16 വർഷം 13,804 വിദ്യാർഥികളുടെ കുറവാണ് വിദ്യാഭ്യാസ ജില്ലയിൽ ഉണ്ടായിട്ടുളളത്. ഇതിനനുപാതമായി അധ്യാപകരിലും കുറവ് വരുത്തുന്നതാവശ്യമാണെന്ന് അധികൃതർ ചൂണ്ടിക്കാട്ടി.

ഇതിനിടയിൽ ഒക്ടോബർ 11 മുതൽ സ്കൂൾ അധ്യാപകർ സമരം ആരംഭിക്കുന്നതിനുളള നോട്ടീസ് നൽകിയിട്ടുണ്ട്. അധ്യാപകരെ പിരിച്ചു വിടൽ തുടർന്നാൽ സമരം നേരത്തെ ആരംഭിക്കേണ്ടി വരുമോ എന്നാണ് ഷിക്കാഗൊ ടീച്ചേഴ്സ് യൂണിയൻ ഇപ്പോൾ ചിന്തിക്കുന്നതെന്ന് യൂണിയൻ ഭാരവാഹികൾ പറഞ്ഞു. ഷിക്കാഗോ വിദ്യാഭ്യാസ ജില്ലക്ക് അടിയന്തരമായി 12.5 മില്യൺ ഡോളർ ലഭിച്ചാലെ പ്രവർത്തനങ്ങൾ സാധാരണ ഗതിയിൽ മുന്നോട്ടു കൊണ്ടു പോകാനാകൂ എന്നാണ് അധികൃതരുടെ അഭിപ്രായം.

റിപ്പോർട്ട്: പി.പി. ചെറിയാൻ