ലോംഗ് ഐലൻഡിൽ സംവാദവും അവാർഡു ദാനവും ഒക്ടോബർ എട്ടിന്
Wednesday, October 5, 2016 5:54 AM IST
ന്യൂയോർക്ക്: മുസ്ലിം സ്ത്രീകളുടെ വസ്ത്രത്തെധാരണത്തെപ്പറ്റി വിവാദങ്ങൾ കൊടുമ്പിരി കൊള്ളുന്ന ഈ കാലഘട്ടത്തിൽ ബിൽഡിംഗ് ബ്രിഡ്ജസ് ഓഫ് ഫെയ്ത്ത് എന്ന പേരിൽ ഒരു അവാർഡ് ദാന പരിപാടി സംഘടിപ്പിക്കുന്നു.

വെസ്റ്റ്ബറി ഇസ്ലാമിക് സെന്ററിൽ ഒക്ടോബർ എട്ടിന് (ശനി) ഉച്ചകഴിഞ്ഞ് 1.30 മുതൽ വൈകുന്നേരം നാലു വരെ ആണ് പരിപാടി. ചടങ്ങിൽ മതാന്തര സൗഹൃദ ചിന്താധാരക്ക് പ്രഫ. ഹോക്കിൻസിന് ഇന്റർഫെയ്ത്ത് അവാർഡ് നൽകി ആദരിക്കും. ഇന്റർഫെയ്ത്ത് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇസ്ലാമിക് സെന്റർ ഓഫ് ലോംഗ് ഐലൻഡ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ ട്രസ്റ്റിയും സുനി ഓൾഡ് വെസ്റ്റ്ബറി മുൻ പ്രസിഡന്റുമായ റവ. കാൽവിൻ ബട്ട്സിനെയും ചടങ്ങിൽ ആദരിക്കും. റവ. കാൽ വിൻ ബട്ട്സ് മുഖ്യപ്രഭാഷണം നടത്തും. തുടർന്നു മുസ്ലിം വനിതാ ഡ്രസ് കോഡിന്റെ പ്രാധാന്യത്തെപറ്റി ചർച്ച നടത്തും.

ഷിക്കാഗോയിലെ ക്രിസ്ത്യൻ ഇവാഞ്ചലിക്കൽ ലിബറൽ ആർട്സ് കോളജായ വീറ്റൺ കോളജിലെ പ്രഫസറായ ലാരിസ്യ ഹോക്കിൻസ് തല മൂടുന്ന സ്കാർഫ്/ഹിജബ് ഉപയോഗിച്ച് മുസ്ലിം സ്ത്രീകൾക്ക് ഐക്യദാർഡ്യം പ്രഖ്യാപിച്ചിരുന്നു. ഇതാണ് അവരെ അവാർഡിന് തെരഞ്ഞെടുത്തത്.

വിവരങ്ങൾക്ക്: ഡോ. ഫറൂഖ് ഖാൻ 5164340313, ഇമെയിൽ: interfaithinstitute15@gmail.com

വിലാസം: ഇസ്ലാമിക് സെന്റർ, 835 ബ്രഷ് ഹോളോ റോഡ്, വെസ്റ്റ്ബറി, ന്യു യോർക്ക് 11590.

റിപ്പോർട്ട്: ജോസ് കാടാപ്പുറം