സമഗ്ര പദ്ധതികളുമായി ജിദ്ദ ഇന്റർനാഷണൽ ഇന്ത്യൻ സ്കൂൾ
Tuesday, October 4, 2016 7:31 AM IST
ജിദ്ദ: വിദ്യാർഥികളുടെയും സ്കൂളിന്റേയും ഉന്നമനത്തിനായി ഇന്റർനാഷണൽ ഇന്ത്യൻ സ്കൂൾ ജിദ്ദ വിവിധ പരിപാടികൾ തയാറാക്കുന്നതായി പുതുതായി ചുമതലയേറ്റ മാനേജിംഗ് കമ്മിറ്റി അറിയിച്ചു.

ടുഗദർ വി ക്യാൻ എന്ന മുദ്രാവാക്യമാണ് സ്കൂളിന്റെയും കുട്ടികളുടെയും പുരോഗതിക്കായി മാനേജ്മെന്റ് മുന്നോട്ടു വയ്ക്കുന്നതെന്ന് ചെയർമാൻ മുഹമ്മദ് ഇഖ്ബാല് പറഞ്ഞു.

മാനേജ്മെന്റും കുട്ടികളും രക്ഷിതാക്കളും ഒരുമിച്ചുള്ള സമഗ്രമായ ഒരു മുന്നേറ്റത്തിനുള്ള പദ്ധതികളാണ് ആവിഷ്കരിക്കുന്നത്. ഇതിനായി രക്ഷിതാക്കൾക്കും മാനേജിംഗ് കമ്മിറ്റി അംഗങ്ങൾക്കും പരസ്പരം തുറന്ന ചർച്ചക്ക് വേദിയൊരുക്കുന്ന ആദ്യ പരിപാടി ഒക്ടോബർ 28 ന് (വെള്ളി) വൈകുന്നേരം നാലിന് സ്കൂളിൽ സംഘടിപ്പിക്കും. ഇതിന്റെ വിശദവിവരങ്ങൾ http://www.iisjed.com/ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും. കൂടുതൽ വിദ്യാർഥികൾക്ക് പ്രവേശനം നല്കുന്നതിനായി കെട്ടിട നിർമാണമടക്കമുള്ള പദ്ധതികളും ആലോചിക്കുന്നതായും ചെയർമാൻ പറഞ്ഞു.

വാർത്താ സമ്മേളനത്തിൽ അക്കാഡമിക് സമിതി അംഗങ്ങളായ ആസിഫ് റമീസ്, നൂറുൽ അമീൻ, ഫിനാൻസ് കമ്മിറ്റി അംഗങ്ങളായ മോഹൻബാലൻ, ശംസുദ്ദീൻ, ഭരണ സമിതി അംഗങ്ങളായ മാജിദ് സിദ്ദീഖി, താഹിർ അലി എന്നിവരും സംബന്ധിച്ചു.

റിപ്പോർട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂർ