ഹില്ലരി ആഫ്രിക്കൻ അമേരിക്കൻ പിന്തുണ സമാഹരിക്കുന്നതിൽ പരാജയപ്പെടുന്നു
Tuesday, October 4, 2016 4:55 AM IST
നോർത്ത് കരോളിന: ആഫ്രിക്കൻ അമേരിക്കൻ വോട്ടർമാരുടെ പിന്തുണ നേടുന്നതിൽ ഹില്ലരി പരാജയപ്പെടുന്നതായി സർവേ റിപ്പോർട്ടുകൾ. 2012 ൽ നടന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ഒബാമയ്ക്ക് ലഭിച്ച പിന്തുണ ഹില്ലരിക്കു ലഭിക്കുന്നില്ലെന്നാണ് റിപ്പോർട്ടുകൾ.

നവംബർ എട്ടിന് നടക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ഫ്ളോറിഡ, ഒഹായൊ, നോർത്ത് കരോളിന എന്നീ സംസ്‌ഥാനങ്ങൾ വിജയത്തിന് നിർണായക മായിരിക്കെ ഈ മൂന്നു സംസ്‌ഥാനങ്ങളിലും ട്രംപും ഹില്ലരിയും ഇഞ്ചോടിഞ്ചു പോരാട്ടമാണ് നടത്തുന്നത്.

ഹില്ലരിക്ക് 46 ഉം ട്രംപിന് 45 ഉം ശതമാനം വോട്ടർമാരുടെ പിന്തുണയാണ് ലഭിച്ചിട്ടുളളതെന്ന് ബ്ലൂംബർഗ് രാഷ്ര്‌ടീയ സർവേ വെളിപ്പെടുത്തുന്നു. ചരിത്രത്തിലാദ്യമായി കറുത്ത വർഗക്കാരുടെ പ്രതിനിധിയായി ഒബാമ തുടർച്ചയായി രണ്ടുതവണ അധികാരത്തിലേറിയിട്ടും ആഫ്രിക്കൻ അമേരിക്കൻ വംശജർക്ക് കാര്യമായ നേട്ടങ്ങളൊന്നും ഉണ്ടാക്കുവാൻ ഡെമോക്രാറ്റിക് പാർട്ടിക്ക് കഴിഞ്ഞില്ല എന്നതാണ് ഇവർക്കെതിരെ തിരിയുവാൻ കാരണം. പാർട്ടി സ്‌ഥാനാർഥി ഹില്ലരി ക്ലിന്റൺ ഒരു ടേം കൂടെ പ്രസിഡന്റായി ഭരണം തുടരുകയാണെങ്കിൽ തങ്ങൾക്ക് നേട്ടങ്ങളേക്കാൾ കോട്ടങ്ങൾക്കായിരിക്കും സാധ്യത എന്നതും ഇവരുടെ പിന്തുണ കുറയുന്നതിനു കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നു.

എന്നാൽ രാഷ്ര്‌ടീയക്കാരനല്ലാത്ത ട്രംപിനെ അമേരിക്കൻ പ്രസിഡന്റായി തെരഞ്ഞെടുത്തു ഒരു പരീക്ഷണത്തിന് മുതിർന്നാൽ അതിലൊട്ടും അതിശയോക്‌തിയില്ല.

തെരഞ്ഞെടുപ്പ് അടുക്കും തോറും ഹില്ലരി ക്യാമ്പിൽ ആത്മവിശ്വാസം കുറഞ്ഞുവരുമ്പോൾ, ട്രംപ് ക്യാമ്പിൽ ആത്മവിശ്വാസം വർധിച്ചു വരുന്നതായാണ് സമീപകാല സംഭവങ്ങൾ തെളിയിക്കുന്നത്. അനധികൃത കുടിയേറ്റക്കാർക്കും ഭീകരതയ്ക്കുമെതിരെ സ്വീകരിച്ച സമീപനത്തിന്റെ പ്രതിഫലനമായിരിക്കും ട്രംപിന്റെ വിജയത്തിന്റെ മാനദണ്ഡം.

റിപ്പോർട്ട്: പി.പി. ചെറിയാൻ