സൂസൻ ഡാനിയേൽ മെമ്മോറിയൽ സേവനത്തിന്റെ മുപ്പത്തിയൊന്നാം വർഷത്തിലേക്ക്
Tuesday, October 4, 2016 4:49 AM IST
ലോസ്ആഞ്ചലസ്: അമേരിക്കയിലെ ലോസ്ആഞ്ചലസ് ആസ്‌ഥാനമായി കഴിഞ്ഞ മൂന്നു പതിറ്റാണ്ടിലധികമായി കേരളത്തിലെ കഷ്‌ടടതയനുഭവിക്കുന്ന നിർധനരായ കാൻസർ രോഗികൾക്ക് ആശ്വാസമേകുന്ന സൂസൻ ഡാനിയേൽ മെമ്മോറിയൽ കാൻസർ റിലീഫ് ഫണ്ട് സേവനത്തിന്റെ മുപ്പത്തിയൊന്നാം വാർഷികം ആഘോഷിക്കുന്നു.

ഒക്ടോബർ 22ന് (ശനി) വൈകുന്നേരം ആറിന് ലോസ്ആഞ്ചലസിലെ ഫുള്ളേർട്ടനിലുള്ള സ്പ്രിംഗ് ഫീൽഡ് ബാങ്ക്വറ്റ് സെന്ററിലാണ് പരിപാടികൾ.

1985 ൽ പ്രവർത്തനമാരംഭിച്ച ട്രസ്റ്റ് കഴിഞ്ഞ വർഷം മുന്നൂറിലധികം കാൻസർ രോഗികൾക്കായി നാൽപതു ലക്ഷം രൂപ സഹായധനമായി വിതരണം ചെയ്തു. ഈ വർഷം കൂടുതൽ പേരിലേക്കു ആശ്വാസമെത്തിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് ട്രസ്റ്റ് ചെയർമാൻ മാത്യു ഡാനിയേലും പ്രസിഡന്റ് ഏബ്രഹാം മാത്യുവും അറിയിച്ചു.

തിരുവനന്തപുരം റീജണൽ കാൻസർ സെന്റർ, അമല ഹോസ്പിറ്റൽ, കോട്ടയം കാരിത്താസ് ഹോസ്പിറ്റൽ, കോഴിക്കോട് മെഡിക്കൽ കോളജ് തുടങ്ങിയ ആശുപത്രികളിലെ രോഗികൾക്ക് നേരിട്ടു സഹായം ലഭ്യമാക്കിയതിനു പുറമേ അമലയിലും കരിത്താസിലും കിടക്കകളും എസ്ഡിഎം സ്പോൺസർ ചെയ്യുന്നു. എല്ലാ വർഷവും ഒക്ടോബറിൽ നടക്കുന്ന ധനശേഖരണത്തിന് കലിഫോർണിയയിൽനിന്നും സഹായ സഹകരണം ലഭിക്കാറുണ്ട്.

പാവപ്പെട്ട കാൻസർ രോഗികൾക്ക് ആശ്വാസ മെത്തിക്കുന്നതിനുള്ള ശ്രമങ്ങളിൽ എല്ലാ മലയാളികളും പങ്കാളികളാകണമെന്നു മാത്യു ഡാനിയേൽ, രവി വെള്ളത്തേരി, സുനിൽ ഡാനിയേൽ, ഡോ. രവി രാഘവൻ, വിനോദ് ബാഹുലേയൻ എന്നിവർ അഭ്യർഥിച്ചു.

വിവരങ്ങൾക്കും സംഭാവനകൾക്കും www .sdmcancerfund.org സന്ദർശിക്കുക.

<ആ>റിപ്പോർട്ട്: സന്ധ്യ പ്രസാദ്