ഹൂസ്റ്റൺ ശ്രീനാരായണ ഗുരുമിഷൻ ഗുരുദേവ ജയന്തിയും ഓണാഘോഷവും നടത്തി
Tuesday, October 4, 2016 4:48 AM IST
ഹൂസ്റ്റൺ: ഗ്രേറ്റർ ഹൂസ്റ്റൺ ആസ്‌ഥാനമായി പ്രവർത്തിക്കുന്ന ശ്രീനാരായണ ഗുരുമിഷന്റെ (എസ്എൻജിഎം) ആഭിമുഖ്യത്തിൽ ശ്രീനാരായണ ഗുരുവിന്റെ 162–ാമത് ജന്മദിനവും ഓണവും വിവിധ പരിപാടികളോടെ ആഘോഷിച്ചു.

സെപ്റ്റംബർ 17ന് ഹൂസ്റ്റണിലെ ഗുരുവായൂർ അമ്പല ഓഡിറ്റോറിയത്തിൽ നടന്ന ആഘോഷ പരിപാടികൾ മുഖ്യാതിഥിയായിരുന്ന എ.സി. ജോർജും മറ്റ് ശ്രീനാരായണ ഗുരുമിഷൻ ബോർഡ് അംഗങ്ങളും ചേർന്ന് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് അശ്വനി കുമാർ അധ്യക്ഷത വഹിച്ചു.

വൃന്ദാ ശിവൻ ഗുരുദേവന്റെ ജീവചരിത്രത്തെ ആധാരമാക്കി സ്ലൈഡ് ഷോ അവതരിപ്പിച്ചു. തുടർന്ന് എസ്എൻജിഎം കലാകാരന്മാരും കലാകാരികളും പ്രത്യേകിച്ച് വനിതാ പ്രതിനിധികളും വിവിധ ഓണ കലാപരിപാടികൾ അവതരിപ്പിച്ചു. ശിവൻ രാഘവന്റെ കവിതാ പാരായണം, തിരുവാതിരകളി, സമൂഹനൃത്തങ്ങൾ, സമൂഹഗാനങ്ങൾ, മറ്റ് ദേശീയ നൃത്തനൃത്യങ്ങൾ, വരും തലമുറയുടെ കൊച്ചുകൊച്ചു പ്രഭാഷണങ്ങൾ, അവതരണങ്ങൾ തുടങ്ങിയവയും മനോജ് ഗോപിയുടെ നേതൃത്വത്തിൽ അവതരിപ്പിച്ച വള്ളംകളി, വിഭവ സമൃദ്ധമായ ഓണസദ്യ എന്നിവയും ഏറെ ശ്രദ്ധ പിടിച്ചുപറ്റി. കലാപരിപാടികളുടെ സംവിധായകരായി ശിഹാദ്, രേഷ്മ എന്നിവർ പ്രവർത്തിച്ചു.

സെക്രട്ടറി ഗോപകുമാർ മണികണ്ഠശേരിൽ, അച്ചുതൻ ജയചന്ദ്രൻ എന്നിവർ പ്രസംഗിച്ചു. അശ്വനി കുമാർ (പ്രസിഡന്റ്), ഗോപകുമാർ മണികണ്ഠശേരിൽ (സെക്രട്ടറി), മധു ചേരിക്കൽ (വൈസ് പ്രസിഡന്റ്), ജയകുമാർ നടക്കനാൽ (ട്രഷറർ) തുടങ്ങിയവർ പരിപാടികൾക്കു നേതൃത്വം നൽകി.