സീതാറാം യെച്ചൂരി മസ്കറ്റിൽ
Monday, October 3, 2016 8:11 AM IST
മസ്കറ്റ്: ഒമാനിലെ സാമൂഹ്യ സാംസ്കാരിക പ്രവർത്തനങ്ങളിൽ മുൻനിരയിലുള്ള ഇന്ത്യൻ സോഷ്യൽ ക്ലബ്ബ് കേരള വിഭാഗത്തിന്റെ ഈ വർഷത്തെ ശ്രീ നാരായണ ഗുരു അനുസ്മരണ പ്രഭാഷണത്തിൽ സിപിഎം അഖിലേന്ത്യാ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പങ്കെടുക്കും.

ഒക്ടോബർ 21ന് (വെള്ളി) വൈകുന്നേരം ആറിന് വാദി കബീറിലെ ക്രിസ്റ്റൽ സ്യൂട്ട്സിലാണ് പ്രഭാഷണം. ആദ്യമായാണ് ഗൾഫിലെ ഒരു പൊതു പരിപാടിയിൽ യെച്ചൂരി പങ്കെടുക്കുന്നത്.

കഴിഞ്ഞ പതിനഞ്ചു വർഷമായി കേരള വിഭാഗം ഓണാഘോഷങ്ങളുടെ ഭാഗമായി ഗുരു പ്രഭാഷണം സംഘടിപ്പിച്ചു വരുന്നു. പോയ വർഷങ്ങളിൽ സക്കറിയ, പ്രഫ. കെ.എൻ.പണിക്കർ, ഡോ.രാജൻ ഗുരുക്കൾ, കെഇഎൻ, പോക്കർ മാസ്റ്റർ, പി.രാജീവ്, കെ.ടി. ജലീൽ, പ്രഫ. രവീന്ദ്രനാഥ്, ഡോ.ശിവദാസ്, എം.ആർ. രാഘവ വാര്യർ തുടങ്ങിയവർ പ്രഭാഷണത്തിനെത്തിയിരുന്നു. കഴിഞ്ഞ വർഷം പ്രകാശ് കാരാട്ടാണ് പ്രഭാഷണം നടത്തിയത്.

യെച്ചൂരിയുടെ സന്ദർശനവും പ്രഭാഷണവും അവിസ്മരണീയമാക്കാൻ പി.എം.ജാബിർ ചെയർമാനും റെജിലാൽ കോക്കാടൻ കൺവീനറുമായി കേരള വിഭാഗം പ്രവർത്തനം ആരംഭിച്ചു.

റിപ്പോർട്ട്: സേവ്യർ കാവാലം