റിയാദിൽ നിന്നും കോഴിക്കോട്ടേക്ക് എയർ ഇന്ത്യ എക്സ്പ്രസ് ഡിസംബർ രണ്ടു മുതൽ
Monday, October 3, 2016 4:45 AM IST
റിയാദ്: കരിപ്പൂരിലേക്ക് ആഴ്ചയിൽ നാല് ഫ്ളൈറ്റുമായി എയർ ഇന്ത്യ എക്സ്പ്രസ് ഡിസംബർ രണ്ടു മുതൽ സർവീസ് ആരംഭിക്കുമെന്ന് സൗദിയിലെ ഇന്ത്യൻ അംബാസഡർ അഹമ്മദ് ജാവേദ് അറിയിച്ചു. ഇതിനായുള്ള അനുമതി സൗദി സർക്കാരിൽ നിന്നും ലഭിച്ചതായും ഒരാഴ്ചക്കകം ബുക്കിംഗ് ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. റിയാദ് ഇന്ത്യൻ എംബസി അങ്കണത്തിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കവേയാണ് അംബാസഡർ ഇക്കാര്യം അറിയിച്ചത്.

കോഴിക്കോട് നിന്നും ഉച്ചക്ക് 12.15 ന് റിയാദ് കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തുന്ന വിമാനം 1.15 ന് ആണ് പുറപ്പെടുക. ഞായർ, തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിലായിരിക്കും സർവീസ് ഉണ്ടായിരിക്കുക. ബോയിംഗ് 737 വിഭാഗത്തിൽപ്പെട്ട വിമാനങ്ങളായിരിക്കും ആദ്യഘട്ടത്തിൽ സർവീസ് തുടങ്ങുന്നത്. ഡിംസബർ രണ്ടിന് കരിപ്പൂരിൽ നിന്നെത്തുന്ന ആദ്യ വിമാനത്തിലെ യാത്രക്കാർക്ക് റിയാദ് വിമാനത്താവളത്തിൽ സ്വീകരണം നൽകുമെന്നും ഇത് എയർ ഇന്ത്യാ എക്സ്പ്രസിന്റെ ചരിത്രത്തിലെ മറ്റൊരു നാഴികക്കല്ലാണെന്നും ചടങ്ങിൽ സംസാരിച്ച എയർ ഇന്ത്യ മാനേജർ കുന്ദൻ ലാൽ പറഞ്ഞു.

വർഷങ്ങളായി റിയാദിലെ മലബാറിൽ നിന്നുള്ള പ്രവാസികളുടെ നിരന്തരമായ ആവശ്യമാണ് ഇപ്പോൾ യാഥാർഥ്യമാകുന്നത്. റൺവേ അറ്റകുറ്റപ്പണികൾക്കായി കരിപ്പൂരിൽ നിന്നും വലിയ വിമാനങ്ങളുടെ സർവീസ് നിർത്തിവച്ച ശേഷം കോഴിക്കോട്ടേക്ക് റിയാദിൽ നിന്നും നേരിട്ട് വിമാന സർവീസ് ഉണ്ടായിരുന്നില്ല. ഇതിനുശേഷം ആദ്യമായി സർവീസ് ആരംഭിക്കുന്നത് എയർ ഇന്ത്യ എക്സ്പ്രസ് ആണ്. കോഴിക്കോടിനോടൊപ്പം ലക്നൗ, ഹൈദരാബാദ് എന്നിവിടങ്ങളിലേക്കും എയർ ഇന്ത്യ എക്സ്പ്രസ് റിയാദിൽ നിന്നും സർവീസ് ആരംഭിക്കാനുള്ള ശ്രമങ്ങൾ നടന്നു വരികയാണ്.

റിപ്പോർട്ട്: ഷക്കീബ് കൊളക്കാടൻ