കേരളീയരുടേത് യുഎഇക്കൊപ്പം വളർന്ന ചലനാത്മകസമൂഹം: ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ
Sunday, October 2, 2016 3:19 AM IST
അബുദാബി: ജീവിക്കുന്ന ഇടങ്ങളെ ചലനാത്മകമാക്കുന്ന സംഘടനാപാടവത്തിന്റെ ഉടമകളാണ് കേരളീയ സമൂഹമെന്ന് യുഎഇ സാംസ്കാരിക, വിജ്‌ഞാന –വികസന വകുപ്പ് മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ അഭിപ്രായപ്പെട്ടു. മുസഫയിൽ പണിതീർത്ത അബുദാബി മലയാളി സമാജത്തിന്റെ പുതിയ ആസ്‌ഥാനമന്ദിരം ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

യുഎഇയും മലയാളീ സമൂഹവും വളർന്നത് ഒരുമിച്ചാണ്. 1971 ൽ യുഎഇ സ്‌ഥാപിതമായപ്പോൾ മലയാളി സമാജത്തിൽ ആഘോഷം നടത്തിയതിനെ അനുസ്മരിച്ചുകൊണ്ട് അൽ നഹ്യാൻ പറഞ്ഞു. ആഗോള സമാധാനത്തിനും, സ്‌ഥിരതക്കും നിരന്തരം പ്രവർത്തിക്കുന്ന രണ്ടു രാജ്യങ്ങളാണ് ഇന്ത്യയും യുഎഇയും. ഇരുരാജ്യങ്ങളുടെയും കരുത്തുറ്റ നേതാക്കൾ ലോകരാജ്യങ്ങളുടെ മുൻപിലേക്ക് നമ്മുടെ രാജ്യങ്ങളെ നയിച്ചു. ഇന്ന് യുഎഇ എണ്ണയുടെ മാത്രം രാജ്യമല്ല. ആഗോള സാമ്പത്തിക, സാംസ്ക്കാരിക , ബൗദ്ധിക കേന്ദ്രവും, സർഗാത്മകമായ നവസൃഷ്‌ടികളുടെയും, ആശയവിനിമയത്തിന്റെയും പ്രഭവകേന്ദ്രവുമായി മാറിയിരിക്കുന്നു. കാലോചിതമായ വിദ്യാഭ്യാസം നേടിയ കർമ്മ നൈപുണ്യവും, ആത്മാർത്ഥയുമുള്ള കേരളീയ സമൂഹത്തിനു , യുഎഇയുടെ ഈ വളർച്ചയിൽ നിർണായക പങ്കു വഹിക്കാനായി.

കേരളം പോലെ സുന്ദരമാണ് മലയാളികളും. ഇപ്പാൾ സമാജവും സുന്ദരമായി അണിഞ്ഞൊരുങ്ങിയിരിക്കുന്നു. നീണ്ട കരഘോഷത്തിനിടെ മലയാളിക്കെല്ലാം ഓണാശംസകൾ നേരുന്നു എന്നു പറഞ്ഞ അൽ നഹ്യാൻ പുതിയ മന്ദിരം കേരളീയരുടെ സാംസ്ക്കാരിക ,സാമൂഹ്യ ജീവിതത്തിൽ പുതിയ ചലനങ്ങൾ സൃഷ്‌ടിക്കുന്ന കേന്ദ്രമായി മാറണമെന്ന് അഭിപ്രായപ്പെട്ടു.

ചടങ്ങിൽ പ്രസിഡന്റ് ബി. യേശുശീലൻ അദ്ധ്യക്ഷത വഹിച്ചു. മുഖ്യ രക്ഷാധികാരിയും അബുദാബി ചേംബർ ഓഫ് കൊമേഴ്സ് ബോർഡ് ഓഫ് ഡയറക്ടേഴ്സ് മെംബറുമായ ലുലു ഗ്രൂപ്പ് മാനേജിങ് ഡയറക്ടർ എം.എ.യൂസഫലി, ബോർഡ് ഓഫ് ഗവർണേഴ്സ് അംഗങ്ങളായ എസ്എഫ്സി മാനേജിങ് ഡയറക്ടർ കെ.മുരളീധരൻ, ജമിനി ബിൽഡിങ് മെറ്റീരിയൽസ് എംഡി ഗണേഷ് ബാബു, സൺറൈസ് മെറ്റൽ വർക്സ് മാനേജിംഗ് ഡയറക്ടർ ലൂയിസ് കുര്യാക്കോസ്, ഇന്ത്യൻ എംബസി ഫസ്റ്റ് സെക്രട്ടറി ദിനേശ് കുമാർ ഐഎഎസ് , ഐഎസ്സി പ്രസിഡന്റ് തോമസ് വർഗീസ്, കെഎസ്സി പ്രസിഡന്റ് പി.പദ്മനാഭൻ , ഇസ്!ലാമിക് സെന്റർ പ്രസിഡന്റ് പി. ബാവാഹാജി, സമാജം സെക്രട്ടറി സതീഷ്കുമാർ, വൈസ് പ്രസിഡന്റ് പി.ടി.റഫീഖ്, ജോയിന്റ് സെക്രട്ടറി മഹ്ബൂബ് അലി, ട്രഷറർ ഫസലുദ്ധീൻ, ചീഫ് കോർഡിനേറ്റർ എ.എം.അൻസാർ, മീഡിയ കോർഡിനേറ്റർ ജലീൽ ചോലയിൽ, കലാവിഭാഗം സെക്രട്ടറി അബ്ദുൽ കാദർ തിരുവത്ര എന്നിവർ പ്രസംഗിച്ചു.

നെറ്റിപ്പട്ടത്തിന്റെയും,ചുണ്ടൻ വള്ളത്തിന്റെയും മാതൃകകൾ മന്ത്രിക്കു ഭാരവാഹികൾ സമ്മാനിച്ചു. വിവിധ കലാപരിപാടികളും അരങ്ങേറി. താലപ്പൊലിയോടെയാണു മുഖ്യാതിഥികളെ വേദിയിലേക്ക് ആനയിച്ചത്. ആയിരത്തോളം പേർക്കിരിക്കാവുന്ന വിശാലമായ ഓഡിറ്റോറിയം, രണ്ടു മിനിഹാളുകൾ ,വായനശാല ,രണ്ടു ഷട്ടിൽ കോർട്ടുകൾ ,കുട്ടികൾക്കുള്ള ഇൻഡോർ പാർക്ക് ,ഭാരവാഹികൾക്കുള്ള ഓഫീസുകൾ തുടങ്ങി വിശാലമായ സൗകര്യങ്ങളോടെയാണ് പുതിയ ആസ്‌ഥാനമന്ദിരം നിർമിച്ചിരിക്കുന്നത് . ആദ്യ പരിപാടിയായ ഓണസദ്യ ഒക്ടോബർ രണ്ടിനു നടക്കുമെന്ന് പ്രസിഡന്റ് അറിയിച്ചു.

റിപ്പോർട്ട്: അനിൽ സി. ഇടിക്കുള