കാവേരി കലാപം: അക്രമം അഴിച്ചുവിട്ട 1,500 പേരെ തിരിച്ചറിഞ്ഞു
Saturday, October 1, 2016 7:50 AM IST
ബംഗളൂരു: കാവേരി വിഷയവുമായി ബന്ധപ്പെട്ട് സംസ്‌ഥാനത്തു നടന്ന പ്രതിഷേധങ്ങൾക്കിടെ അക്രമം അഴിച്ചുവിട്ട 1,500 പ്രതികളെ പോലീസ് തിരിച്ചറിഞ്ഞതായി റിപ്പോർട്ട്. ഇവരിൽ എണ്ണൂറിലേറെപ്പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. പൊതുമുതൽ നശിപ്പിച്ചതിനും അക്രമം അഴിച്ചുവിട്ടതിനും ജാമ്യമില്ലാ കുറ്റങ്ങൾ ചുമത്തിയാണ് ഇവർക്കെതിരേ കേസെടുത്തിരിക്കുന്നത്. മറ്റുള്ളവർ ഒളിവിലാണെന്നും ഇവരെ എത്രയും പെട്ടെന്ന് പിടികൂടുമെന്നും പോലീസ് അറിയിച്ചു. സിസിടിവി ദൃശ്യങ്ങളും സാക്ഷിമൊഴികളും പരിശോധിച്ച ശേഷമാണ് പോലീസ് അക്രമികളെ തിരിച്ചറിഞ്ഞത്. ഇവരിൽ പലരും ഗുണ്ടാലിസ്റ്റിലുള്ളവരാണെന്നും പോലീസ് പറഞ്ഞു.

കാവേരി വിഷയത്തിൽ സുപ്രീം കോടതി വിധിയെത്തുടർന്ന് സംസ്‌ഥാന വ്യാപകമായി അരങ്ങേറിയ സംഘർഷങ്ങളിൽ തമിഴ്നാട് സ്വദേശികളുടെ വാഹനങ്ങളും സ്‌ഥാപനങ്ങളും തകർത്തിരുന്നു. പോലീസിനു നേരെയും ആക്രമണമുണ്ടായി. പ്രതിഷേധക്കാരെ പിരിച്ചുവിടാൻ പോലീസ് നടത്തിയ വെടിവയ്പ്പിലും ലാത്തിച്ചാർജിലും മൂന്നുപേർ മരിക്കുകയും ചെയ്തിരുന്നു.