ദസറ: കായികമേള ഉദ്ഘാടനത്തിന് ദീപ മാലിക്കും അശ്വിനിയും
Saturday, October 1, 2016 7:49 AM IST
മൈസൂരു: ദസറയുടെ ഭാഗമായി നടക്കുന്ന കായികമേള ഉദ്ഘാടനം ചെയ്യാൻ ബാഡ്മിന്റൺ താരം അശ്വിനി പൊന്നപ്പയും പാരാലിമ്പിക്സ് മെഡൽ ജേതാവ് ദീപ മാലിക്കും എത്തും. ഇരുവരും ചടങ്ങിൽ പങ്കെടുക്കാൻ സന്നദ്ധത പ്രകടിപ്പിച്ചതായി ഡപ്യൂട്ടി കമ്മീഷണർ ഡി. രൺദീപ് അറിയിച്ചു. നേരത്തെ, റിയോ ഒളിമ്പിക്സ് മെഡൽ ജേതാക്കളായ പി.വി. സിന്ധു, സാക്ഷി മാലിക്ക് എന്നിവരെയാണ് ചടങ്ങിലേക്ക് ക്ഷണിച്ചിരുന്നത്. എന്നാൽ ഒഴിവാക്കാനാവാത്ത തിരക്കുകൾ കാരണം ഇരുവരും പിന്മാറിയതോടെ പുതിയ ഉദ്ഘാടകരെ തീരുമാനിക്കുകയായിരുന്നു. ഒക്ടോബർ ഒന്നിന് വൈകുന്നേരം നാലിന് ചാമുണ്ഡി വിഹാർ മൈതാനിയിലാണ് കായികമേളയുടെ ഉദ്ഘാടനം. ഇതിനു മുന്നോടിയായി രാവിലെ 11.40ന് ചാമുണ്ഡിമലയിൽ നടക്കുന്ന ദീപശിഖാ പ്രയാണത്തിന് അശ്വിനി പൊന്നപ്പ തിരിതെളിക്കും. ഒക്ടോബർ രണ്ടിന് ചാമുണ്ഡി വിഹാർ മൈതാനിയിൽ നിന്നാരംഭിക്കുന്ന ഹാഫ് മാരത്തൺ മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ജവഗൽ ശ്രീനാഥ് ഉദ്ഘാടനം ചെയ്യും.

അതേസമയം, കാവേരി പ്രശ്നത്തിന്റെ പശ്ചാത്തലത്തിൽ അഞ്ച് മത്സരയിനങ്ങൾ കായികമേളയിൽ നിന്ന് ഒഴിവാക്കി. കബഡി, ബാഡ്മിന്റൺ, ഖൊ–ഖൊ, കരാട്ടേ, പഞ്ചഗുസ്തി എന്നിവയാണ് ഒഴിവാക്കിയത്.