അബുദാബിയിൽ സ്കൂൾ ബസുകൾ കൂട്ടിയിടിച്ച് 47 വിദ്യാർഥികൾക്ക് പരിക്കേറ്റു
Thursday, September 29, 2016 7:15 AM IST
അബുദാബി: സ്കൂൾ ബസുകൾ ഉൾപ്പടെ മൂന്നു ബസുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 47 വിദ്യാർഥികൾക്ക് പരിക്കേറ്റു. മുസഫയിലെ രണ്ടു സ്കൂളുകളിലെ വിദ്യാർഥികൾക്കാണ് പരിക്കേറ്റത്. ആരുടെയും നില ഗുരുതരമല്ല.

രാവിലെ ഏഴിന് ഖലീജ് അൽ അറബ് റോഡിൽ മുസഫ പാലത്തിനു സമീപം വ്യവസായ നഗരിയിലേക്കുള്ള പ്രവേശന കവാടത്തിനു സമീപത്താണ് അപകടം. രണ്ടു ബസുകളും ഒരു മിനി ബസും കൂട്ടിയിടിച്ചാണ് അപകടം. ഇടിയുടെ ആഘാതത്തിൽ മിനി ബസ് ഭാഗികമായി തകർന്നു. നിയന്ത്രണം വിട്ട വലിയ ബസ് റോഡിൽ നിന്നും തെന്നിമാറി ഈന്തപ്പനയിൽ ഇടിച്ചു നിൽക്കുകയായിരുന്നു. പരിക്കേറ്റ 14 വിദ്യാർഥികൾക്ക് സംഭവസ്‌ഥലത്തു തന്നെ പ്രാഥമിക ശുശ്രൂഷകൾ നൽകി വിട്ടയച്ചു. മറ്റുള്ളവരെ മഫ്റഖ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും 25 വിദ്യാർഥികളെ ഹോസ്പിറ്റലിൽ നിന്നും ഡിസ്ചാർജ് ചെയ്തതായി അബുദാബി പോലീസ് അറിയിച്ചു.

ബെൽവേദെ ബ്രിട്ടീഷ് സ്കൂളിന്റെയും അൽ ദഫ്റ പ്രൈവറ്റ് സ്കൂളിന്റെയും വാഹനങ്ങളാണ് അപകടത്തിൽ പെട്ടത്. ഡ്രൈവറുടെ ശ്രദ്ധക്കുറവും അമിത വേഗവും രണ്ടു ബസുകൾ പരസ്പരം അപകടകരമാം വിധം ചേർന്ന് പോയതുമാണ് അപകട കാരണമെന്ന് പോലീസ് വിലയിരുത്തുന്നു.

അപകടം നടന്നതോടെ ട്രാഫിക് പോലീസ് വിഭാഗത്തിന്റെ ഉന്നതർ അടക്കമുള്ളവർ സ്‌ഥലത്തെത്തിരക്ഷാപ്രവർത്തനങ്ങൾക്കു നേതൃത്വം നൽകി. അപകടത്തെ തുടർന്ന് ഏറെ നേരം ഇതുവഴിയുള്ള ഗതാഗതം തടസപ്പെട്ടു.

റിപ്പോർട്ട്: അനിൽ സി. ഇടിക്കുള