ബ്ലാസ്റ്റേഴ്സ് കുവൈത്ത്, സിഎഫ്സി സാൽമിയ, മലപ്പുറം ബ്രദേഴ്സ് ടീമുകൾക്ക് ജയം
Thursday, September 29, 2016 7:15 AM IST
കുവൈത്ത് സിറ്റി: കെഫാക് സോക്കർ ലീഗ് സീസൺ അഞ്ചിന്റെ ഗ്രൂപ്പ് ഘട്ട മത്സരങ്ങൾ പുരോഗമിക്കുമ്പോൾ ഗ്രൂപ്പ് ബി യിൽ നടന്ന മത്സരങ്ങളിൽ ബ്ലാസ്റ്റേഴ്സ് കുവൈത്ത്, സിഎഫ്സി സാൽമിയ, മലപ്പുറം ബ്രദേഴ്സ് ടീമുകൾ വിജയം കണ്ടപ്പോൾ സ്പാർക്സ് എഫ്സിയും ബിഗ് ബോയ്സ് എഫ്സിയും തമ്മിലുള്ള മത്സരം സമനിലയിൽ പിരിഞ്ഞു.

ആദ്യ മത്സരത്തിൽ തുടർച്ചയായ രണ്ടു മത്സരങ്ങൾ ജയിച്ചു മുന്നേറിയ ബ്രദേഴ്സ് കേരളയെ ബ്ലാസ്റ്റേഴ്സ് കുവൈത്ത് ഏകപക്ഷീയമായ രണ്ടു ഗോളുകൾക്ക് പരാജയപ്പെടുത്തി. മികച്ച സേവുകൾ നടത്തിയ ബ്രദേഴ്സ് കേരളയുടെ വൈശാഖാണ് മാൻ ഓഫ് ദി മാച്ച്.

രണ്ടാം മത്സരത്തിൽ സ്പാർക്സ് എഫ്സിയും ബിഗ് ബോയ്സ് എഫ്സിയും ഓരോ ഗോൾ വീതം നേടി സമനിലയിൽ പിരിഞ്ഞു. സ്പാർക്സ് എഫിക്കുവേണ്ടി ജിതിനും ബിഗ്ബോയ്സിനുവേണ്ടി റഫീഖ് ഗോൾ നേടി. ബിഗ് ബോയ്സിന്റെ റഫീക്കാണ് മാൻ ഓഫ് ദി മാച്ച്.

മികച്ച മുന്നേറ്റങ്ങൾ കണ്ട മൂന്നാം മത്സരത്തിൽ ശക്‌തരായ സിഎഫ്സി സാൽമിയ ട്രിവാൻഡ്രം എഫ്സിയെ ഏകപക്ഷീയമായ ഒരു ഗോളിന് കീഴടക്കി. മുന്നേറ്റ താരം ഹാഷിമിനെ പെനാൽറ്റി ബോക്സിൽ വീഴ്ത്തിയതിന് ലഭിച്ച പെനാൽറ്റി നിസാമുദ്ദീൻ ലക്ഷ്യത്തിലെത്തിച്ചു. സിഎഫ്സി സാൽമിയയുടെ കൊച്ചുമോനാണ് മാൻ ഓഫ് ദി മാച്ച്.

വമ്പൻമാർ കൊമ്പുകോർത്ത നാലാം മത്സരത്തിൽ മലപ്പുറം ബ്രദേഴ്സ് ഫഹാഹീൽ ബ്രദേഴ്സിനെ ഏകപക്ഷിയമായ ഒരു ഗോളിന് കീഴടക്കി. മത്സരത്തിന്റെ രണ്ടാം പകുതിയിൽ സിറാജ് ആണ് മലപ്പുറത്തിനുവേണ്ടി ഗോൾ നേടിയത്. മാൻ ഓഫ് ദി മാച്ച് പുരസ്കാരം സിറാജ് സ്വന്തമാക്കി.

റിപ്പോർട്ട്: സലിം കോട്ടയിൽ