മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഹൂസ്റ്റൺ ഓണം ആഘോഷിച്ചു
Thursday, September 29, 2016 7:11 AM IST
ഹൂസ്റ്റൺ: മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഹൂസ്റ്റൺ (മാഗ്) ഓണം 2016 വിവിധ പരിപാടികളോടെ ആഘോഷിച്ചു. സെപ്റ്റംബർ 24ന് മിസൗറി സിറ്റിയിലെ എൽക്കിൻസ് ഹൈസ്കൂൾ ഓഡിറ്റോറിയത്തിലായിരുന്നു ആഘോഷ പരിപാടികൾ.

രാവിലെ 11ന് താലപ്പൊലിയുടെയും വാദ്യമേളങ്ങളുടെയും അകമ്പടിയോടെ ഘോഷയാത്രയായി മാവേലിയേയും വിശിഷ്‌ടാതിഥികളെയും വേദിയിലേക്ക് ആനയിച്ചു. ക്രെസന്റോ സ്കൂൾ ഓഫ് ആർട്സിലെയും സുനന്ദ പെർഫോർമിംഗ് ആർട്സിലെയും വിദ്യാർഥികൾ അവതരിപ്പിച്ച തിരുവാതിരയോടെ ആഘോഷ പരിപാടികൾ ആരംഭിച്ചു. മാവേലിയായി റെനി വേഷമിട്ടു.

വിശിഷ്‌ടാതിഥികളായ ഡൊണാൾഡ് റിച്ചാർഡ് ഡേവിസ്, സ്റ്റാഫോർഡ് സിറ്റി കൗൺസിൽമാൻ കെൻ മാത്യു എന്നിവരും മാഗിന്റെ ഭാരവാഹി ഹരി നമ്പൂതിരി, സ്പോൺസർമാർ തുടങ്ങിയവർ ചേർന്നു നിലവിളക്ക് തെളിച്ച് ആഘോഷ പരിപാടികൾക്ക് തുടക്കം കുറിച്ചു. പ്രസിഡന്റ് ഏബ്രഹാം ഈപ്പൻ അധ്യക്ഷത വഹിച്ചു തുടർന്ന് മുഖ്യാതിഥി യൂണിവേഴ്സിറ്റി ഓഫ് ഓസ്റ്റിൻ സൗത്ത് ഏഷ്യൻ അഫയേഴ്സ് പ്രഫ. ഡൊണാൾഡ് റിച്ചാർഡ് ഡേവിസ് ഓണാസംകൾ നൽകി. ചടങ്ങിൽ മാഗിന്റെ സുവനീർ പ്രകാശനം കെൻ മാത്യുവിന് ആദ്യ കോപ്പി നൽകി മുൻ പ്രസിഡന്റ് സുരേന്ദ്രൻ കോരൻ നിർവഹിച്ചു. മാഗ് വൈസ് പ്രസിഡന്റ് തോമസ് ചെറുകര, സെക്രട്ടറി അനിൽ ജനാർദ്ദനൻ, എൽസി ജോസ് എന്നിവർ പ്രസംഗിച്ചു.

തുടർന്ന് കലാപരിപാടികൾക്കു തുടക്കമായി. സുനന്ദ പെർഫോർമിംഗ് ആർട്സിലെയും ലക്ഷ്മി ഡാൻസ് അക്കാഡമിയിലെയും കലാകാരന്മാർ നൃത്തവുമായി വേദി കൈയടക്കിയപ്പോൾ ഗാനങ്ങളുമായി ഷിബു ജോൺ, അനിൽ ജനാർദ്ദനൻ, ഷിനോ ഏബ്രഹാം തുടങ്ങിയവർ നിറഞ്ഞ കൈയടി നേടി. കലാഭവൻ ജയൻ അവതരിപ്പിച്ച വൺമാൻ ഷോ, സാബു തിരുവല്ലായുടെ കോമഡി ഷോ, റെനി കവലയിലും റോയി തീയിടിക്കലും ചേർന്ന്് അവതരിപ്പിച്ച സ്കിറ്റ്, ഓണസദ്യ തുടങ്ങിയവ ഓണാഘോഷത്തെ മികവുറ്റതുമാക്കി. മഞ്ജു മേനോൻ, കിരൺ കുമാർ എന്നിവർ പരിപാടിയുടെ അവതാരകരായിരുന്നു.

റിപ്പോർട്ട്: ജീമോൻ റാന്നി