ഷിക്കാഗോയിലെ അധ്യാപകർ പണിമുടക്കിലേക്ക്
Thursday, September 29, 2016 7:06 AM IST
ഷിക്കാഗോ: ഷിക്കാഗോയിലെ ഏറ്റവും വലിയ അധ്യാപക സംഘടനയായ ഷിക്കാഗോ ടീച്ചേഴ്സ് യൂണിയൻ ക്ലാസുകൾ ബഹിഷ്കരിച്ച് ഒക്ടോബർ 11 മുതൽ പണിമുടക്കുന്നു. സിറ്റിയു യൂണിയൻ നേതാക്കൾ യോഗം ചേർന്ന് ഐക്യകണ്ഠേന അംഗീകരിച്ച പ്രമേയം അധ്യാപകരോട് സമരത്തിന് തയാറാകാൻ നിർദ്ദേശം നൽകുകയായിരുന്നു.

ഇല്ലിനോയ്സ് സംസ്‌ഥാന നിയമത്തിന് വിധേയമായി പത്ത് ദിവസത്തിന് മുമ്പ് പണിമുടക്ക് നോട്ടീസ് നൽകണമെന്നാണ് നിയമം.

അതേസമയം ഷിക്കാഗോ പബ്ലിക് സ്കൂൾ പുറത്തുവിട്ട പ്രസ്താവനയിൽ അധ്യാപകർ എടുത്ത തീരുമാനം ദൗർഭാഗ്യകരമെന്ന് വിശേഷിപ്പിച്ചു. 30,000 അധ്യാപകരും അനധ്യാപകരും ഉൾപ്പെടുന്ന യൂണിയൻ പണിമുടക്കിലേക്ക് നീങ്ങുന്നത് ആയിരകണക്കിന് വിദ്യാർഥികളേയും മാതാപിതാക്കളേയും അസ്വസ്‌ഥരാക്കിയിട്ടുണ്ട്.

ശമ്പള വർധനവും തൊഴിൽ സുരക്ഷിതത്വവും ഉറപ്പാക്കുന്നതിന് സിപിഎസും സി റ്റിയും തമ്മിലുളള കരാർ പുതുക്കി നിശ്ചയിക്കണമെന്ന് ആവശ്യപ്പെട്ടു സൂചനാ പണിമുടക്കും പിക്കറ്റിംഗും നടത്തിയിരുന്നുവെങ്കിലും അധികൃതർ ഇതുവരെ ഇതിനു വഴങ്ങാത്തതാണ് അധ്യാപകരെ പ്രകോപിപ്പിച്ചത്. പെൻഷൻ കോൺട്രിബ്യൂഷനിൽ നിലനിൽക്കുന്ന തർക്കം പരിഹരിക്കണമെന്നും ഇവർ ആവശ്യപ്പെട്ടു. പണിമുടക്ക് ഒഴിവാക്കുന്നതിനുളള ചർച്ചകൾ തുടരുമെന്നാണ് ഇരുപക്ഷവും പ്രതീക്ഷിക്കുന്നത്.

റിപ്പോർട്ട്: പി.പി. ചെറിയാൻ