ഡാളസ് മാർത്തോമ ഫെസ്റ്റ് ഒക്ടോബർ ഒന്നിന്
Wednesday, September 28, 2016 7:59 AM IST
ഫാർമേഴ്സ് ബ്രാഞ്ച്: ഡാളസ് മാർത്തോമ ചർച്ച് ഓഫ് ഡാളസിന്റെ ആഭിമുഖ്യത്തിൽ എല്ലാ വർഷവും നടത്തി വരാറുള്ള മാർത്തോമ ഫെസ്റ്റ് ഒക്ടോബർ ഒന്നിന് (ശനി) വൈകുന്നേരം അഞ്ചു മുതൽ മാർത്തോമ ഇവന്റ് സെന്ററിൽ നടക്കും.

ഫാർമേഴ്സ് ബ്രാഞ്ച് പോലീസ് ചീഫ് ഡേവിഡ് ഹെയ്ൽ മുഖ്യാതിഥിയായി പങ്കെടുക്കുന്ന ചടങ്ങിൽ ക്വയറിന്റെ ഗാനശുശ്രൂഷയും ഡാളസ് ഫോർട്ട് വർത്തിലെ വിവിധ ഡാൻസ് ഗ്രൂപ്പുകൾ അവതരിപ്പിക്കുന്ന നൃത്തനൃത്യങ്ങളും ഫെസ്റ്റിനെ കൂടുതൽ ആകർഷകമാക്കും. ആകർഷകമായ വിവിധ സ്റ്റാളുകളും രുചികരമായ കേരള ഭക്ഷ്യ വിഭവങ്ങളും ഫെസ്റ്റിൽ ലഭ്യമാണ്.

ഉച്ചകഴിഞ്ഞ് രണ്ടു മുതൽ വിവിധ റൈഡുകളും ഉണ്ടായിരിക്കും. കേരളത്തിലുള്ള സ്നേഹതീരം, എംസിആർഡി, ലോക്കൽ മിഷൻ തുടങ്ങിയവയുടെ പ്രവർത്തനങ്ങൾക്ക് മാർത്തോമ ഫെസ്റ്റിൽ നിന്നും ലഭിക്കുന്ന വരുമാനം അയച്ചുകൊടുക്കുമെന്ന് സംഘാടകർ അറിയിച്ചു.

വികാരി റവ. പി.സി. സജി, അസി. വികാരി റവ. മാത്യു സാമുവൽ, കൺവീനർ റോബിയ ജയിംസ് എന്നിവർ ഉൾപ്പെടുന്ന ഒരു കമ്മിറ്റി ഫെസ്റ്റിന്റെ വിജയത്തിനായി പ്രവർത്തിക്കുന്നു.

വിവരങ്ങൾക്ക്: 817 696 7450.

റിപ്പോർട്ട്: പി.പി. ചെറിയാൻ