ജന്മം നൽകിയ മാതാവ് തന്നെ ഒടുവിൽ ജീവനെടുത്തു
Wednesday, September 28, 2016 7:59 AM IST
ഇന്ത്യാന: ജന്മം നൽകിയ മാതാവു തന്നെ സ്വന്തം കുരുന്നുകളെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തിയ അതിദാരുണ സംഭവം ഇന്ത്യാനയിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടു.

കഴിഞ്ഞ ശനിയാഴ്ച ഏഴും ആറും വയസുള്ള ലില്ലിയാന ഹെർണാ സാസ്, റിനെ ഹസ്റ്റർ എന്നീ കുട്ടികളെ മാതാവ് തട്ടിക്കൊണ്ടു പോയതായി പോലീസിൽ വിവരം ലഭിച്ചതിനെത്തുടർന്ന് പോലീസ് ആംബർ അലർട്ട് പ്രഖ്യാപിച്ചു. തുടർന്ന് കുട്ടികൾക്കുവേണ്ടി തിരച്ചിൽ ആരംഭിച്ച പോലീസിന് കുട്ടികളെയോ മാതാവിനെയോ കണ്ടെത്താനായില്ല.

ഒടുവിൽ തിങ്കളാഴ്ച രാവിലെ കുട്ടികളുടെ മാതാവായ ഇരുപത്തൊൻപതുകാരിയായ ആംബർ പാസ്റ്റർ എൽക്ക്ഹാർട്ട് പോലീസ് സ്റ്റേഷനിൽ രണ്ടു കുട്ടികളുടെയും മൃതദേഹവുമായി കീഴടങ്ങുകയായിരുന്നു. ശ്വാസം മുട്ടി മരിച്ച നിലയിലായിരുന്നു ഇരുവരുടേയും മൃതദേഹങ്ങൾ കാണപ്പെട്ടത്.

മയക്കു മരുന്നിനടിമയായ ആംബറിന് ഒന്നര വർഷം മുമ്പ് രണ്ട് കുട്ടികളുടേയും സംരക്ഷണം നഷ്‌ടപ്പെട്ടിരുന്നു. രണ്ടു കുട്ടികളേയും കൊല്ലുമെന്നും ഇവർ ഭീഷണിപ്പെടുത്തിയിരുന്നതിനാൽ ആംബറിന്റെ മാതാവിന്റെ സംരക്ഷണയിലായിരുന്നു കുട്ടികൾ കഴിഞ്ഞിരുന്നത്. അറസ്റ്റു ചെയ്ത ആംബറിനെ എൽക്ക് ഹാർട്ട് കൗണ്ടി ജയിലിലടച്ചു.

റിപ്പോർട്ട്: പി.പി. ചെറിയാൻ