ഡിബേറ്റിന്റെ ബാക്കി പത്രം
Wednesday, September 28, 2016 7:58 AM IST
ന്യൂയോർക്ക്: അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന റിപ്പബ്ലിക്കൻ സ്‌ഥാനാർഥി ഡോണാൾഡ് ട്രംപും ഡെമോക്രാറ്റിക് സ്‌ഥാനാർഥി ഹില്ലരി ക്ലിന്റണും തമ്മിൽ നടന്ന ആദ്യ ഡിബേറ്റിൽ ആര് ജയിച്ചു ആര് തോറ്റു എന്ന് മാധ്യമ വിലയിരുത്തലുകൾ ഉടനെ ഉണ്ടായി. ഹില്ലരിക്ക് 62 പോയിന്റും ട്രംപിന് 35 പോയിന്റും ഒരു വാർത്താ ഏജൻസി നൽകി. ഭൂരിപക്ഷം ഏജൻസികളും ഹില്ലരിക്ക് മുൻതൂക്കം നൽകി.

അതേസമയം ഡിബേറ്റിൽ ഹില്ലരി അനുയായികളായിരുന്നു ഭൂരിപക്ഷം ഉണ്ടായിരുന്നതെന്നാണ് ഹില്ലരിയുടെ മറുപടികൾക്ക് ലഭിച്ച കരഘോഷം വ്യക്‌തമാക്കിയത്. മോഡറേറ്റർ പരോക്ഷമായി വളരെ മൃദുസമീപനമാണ് ഹില്ലരിയോട് നടത്തിയതെന്നും ഒരു വിഭാഗം ആരോപിക്കുന്നു. ഈ ഘടകങ്ങൾ ഹില്ലരി ഡിബേറ്റിൽ വിജയിച്ചതായി പ്രഖ്യാപിക്കുന്നതിന് കാരണമായി എന്നാണ് വിമർശനം.

ഓരോ ഡിബേറ്റിലും വാദപ്രതിവാദങ്ങൾ നടത്തുമ്പോൾ വസ്തുതകൾ പരിശോധിക്കുന്ന (ഫാക്ട് ചെക്ക്) പതിവുണ്ട്. ഈ പരിശോധന കഴിയുമ്പോഴാണ് പല പ്രസ്താവനകളും അസത്യമോ അർധ സത്യമോ ആണെന്നും അവകാശവാദങ്ങൾ പൊളളയായിരുന്നു എന്നും തിരിച്ചറിയുവാൻ കഴിയുക. ആദ്യ ഡിബേറ്റിലും സംഭവിച്ചത് ഇതു തന്നെയാണ്. ഹില്ലരിക്കെതിരെ ഉയരുന്ന പ്രധാന ആരോപണങ്ങൾ ബെൻഘാസിയിലെ പാളിച്ചകളും ഇമെയിലുകൾക്ക് സ്വകാര്യ സെർവർ ഉപയോഗിച്ചതുമാണ്. ഇവയെക്കുറിച്ച് ഗൗരവമായ ചോദ്യങ്ങൾ ഉന്നയിക്കുവാൻ മോഡറേറ്റർക്ക് കഴിഞ്ഞില്ല. ട്രംപിന്റെ നികുതി വിവരങ്ങൾ വെളിപ്പെടുത്തുവാൻ ട്രംപിനെ നിർബന്ധിക്കുവാൻ മോഡറേറ്റർക്ക് കഴിഞ്ഞില്ല. വിദേശ നയത്തിൽ ട്രംപിനുളള അജ്‌ഞതയും റഷ്യയോടുളള വലിയ പ്രതിപത്തിയും കാര്യമായി ചോദ്യം ചെയ്യപ്പെട്ടില്ല. വംശീയത പ്രതിപാദ്യ വിഷയമായപ്പോൾ ഹില്ലരി കൂടുതൽ സമയമെടുത്ത് രണ്ട് വിഭാഗങ്ങളെക്കുറിച്ച് മാത്രം പറഞ്ഞു. മറ്റ് വംശീയരെക്കുറിച്ച് പരാമർശിക്കുവാൻ ഹില്ലരിയോ ട്രംപോ തയാറായില്ല. വലിയ വോട്ട് ബാങ്കുകളല്ല ഇവർ എന്നതായിരിക്കാം കാരണം. ഇടയ്ക്കിടെ ഉണ്ടാവുന്ന ഒരു വർഗക്കാരും നിയമപാലകരും തമ്മിലുളള ഏറ്റുമുട്ടലുകൾക്ക് കാരണം ഉൾനഗരങ്ങളിലെ സായുധരായ സംഘങ്ങളാണെന്ന് ട്രംപ് പറഞ്ഞു. ഇവരെക്കുറിച്ച് വളരെ സഹതാപകരമായ സമീപനമാണ് ഹില്ലരി നടത്തിയത്. എന്നാൽ പ്രശ്നം എങ്ങനെ പരിഹരിക്കാം എന്ന് ട്രംപിനും ഹില്ലരിക്കും വ്യക്‌തമല്ല എന്നാണ് സമീപനങ്ങളിലൂടെ പ്രകടമായത്. നേതാക്കളുമായി കൂടിക്കാഴ്ച നടത്തുകയും ഭരണകൂടങ്ങൾ എടുത്തു കൊണ്ടിരിക്കുന്ന നടപടികൾ അവരെ ബോധ്യപ്പെടുത്തുകയും വേണമെന്ന നിർദേശം ഹില്ലരിയിൽ നിന്നോ ട്രംപിൽനിന്നോ ഉണ്ടായില്ല. ജനങ്ങളെ തടഞ്ഞു നിർത്തി പരിശോധിക്കുന്ന നടപടിയിലും വ്യക്‌തമായ നിർദേശം ഇരുവർക്കും ഉണ്ടായില്ല. 41 വർഷം മുൻപ് ട്രംപ് വ്യവസായം ആരംഭിച്ചപ്പോഴും 20 വർഷം മുൻപ് ബ്യൂട്ടി പാജന്റിൽ സംബന്ധിച്ചപ്പോഴും സംഭവിച്ച കാര്യങ്ങൾ ചികഞ്ഞെടുത്ത് മോഡറേറ്റർ ചോദ്യങ്ങൾ ചോദിച്ചു. എന്നാൽ ഹില്ലരിയെക്കുറിച്ച് അത്രയും ഗവേഷണം നടത്തുവാൻ മോഡറേറ്ററുടെ ടീം മെനക്കെട്ടില്ലെന്നതാണ് വാസ്തവം. വ്യവസായത്തെക്കുറിച്ചും ഇറാഖിനെക്കുറിച്ചും ഐഎസിനെക്കുറിച്ചും എണ്ണ ഉത്പാദനത്തെയും വിലയെയും കുറിച്ചുമെല്ലാം നടത്തിയ പ്രസ്താവനകൾ പുനഃപരിശോധനയ്ക്ക് വിധേയമാക്കേണ്ടതുണ്ട്. തൊഴിലില്ലായ്മയോ ഒബാമ കെയറോ വലുതായി പരാമർശിക്കപ്പെട്ടില്ല. സുരക്ഷ പരാമർശിച്ചപ്പോൾ ട്രംപ് കെട്ടി ഉയർത്തണമെന്ന് പറയുന്ന അതിർത്തി മതിലും ചർച്ചാ വിഷയമാവാമായിരുന്നു. അനുവദിച്ച സമയം ലംഘിക്കുമ്പോൾ മോഡറേറ്റർ ഫലപ്രദമായി ഇടപെട്ടു കണ്ടില്ല.

ട്രംപ് ബാങ്ക്റപ്ട്സി ആറ് തവണയാണോ നാല് തവണയാണോ എന്ന തർക്കത്തിന് മാധ്യമങ്ങൾ വലിയ പ്രധാന്യം നൽകി. സാധാരണ വോട്ടർമാരുടെ പ്രശ്നങ്ങൾ പരാമർശിക്കാത്തതിനെക്കുറിച്ച് പരാതി ഉണ്ടായില്ല. വൈസ് പ്രസിഡന്റ് സ്‌ഥാനാർഥികളുടെ ഡിബേറ്റും പ്രസിഡന്റ് സ്‌ഥാനാർഥികളുടെ രണ്ട് ഡിബേറ്റും തുടർന്നു നടക്കും.

റിപ്പോർട്ട്: ഏബ്രഹാം തോമസ്