ആത്മീയ കർമശാസ്ത്ര രംഗത്തെ തീവ്രനിലപാടുകൾ സാമൂഹിക വിപത്ത്: കെഐജി സെമിനാർ
Wednesday, September 28, 2016 6:11 AM IST
ഫഹാഹീൽ (കുവൈത്ത്): അതിരുകടന്ന ആത്മീയതയും കർമശാസ്ത്ര രംഗത്തെ തീവ്രനിലപാടുകളും ഒരു സാമൂഹിക വിപത്തായി മാറിയിരിക്കുകയാണെന്നും മതത്തെ വികലമാക്കുന്നവർക്കെതിരെ യഥാർത്ഥ വിശ്വാസികൾ ജാഗ്രത പാലിക്കണമെന്നും കെഐജി സംഘടിപ്പിച്ച സെമിനാർ അഭിപ്രായപ്പെട്ടു.

‘മത തീവ്രതക്കും ഭീകരതക്കുമെതിരെ’ എന്ന തലക്കെട്ടിൽ കെഐജി സംഘടിപ്പിക്കുന്ന ഒരു മാസം നീണ്ടുനിൽക്കുന്ന കാമ്പയിന്റെ ഭാഗമായി ഫഹഹീൽ ഏരിയയാണ് സെമിനാർ സംഘടിപ്പിച്ചത്.

അനുഷ്‌ടാന കാര്യങ്ങളിൽ വിശ്വാസികൾക്ക് എളുപ്പമാണ് ഉദ്ദേശിച്ചിട്ടുള്ളതെന്നു വിശുദ്ധ വേദ ഗ്രന്ഥം നേരിട്ട് ആഹ്വാനം ചെയ്തിട്ടും വിശ്വാസികൾക്ക് പ്രയാസമുണ്ടാക്കുന്ന തരത്തിൽ ആരാധനാകാര്യങ്ങളിൽ തീവ്ര നിലപാടുകൾ സ്വീകരിക്കുന്നത് ഒരിക്കലും അംഗീകരിക്കാനാകില്ലെന്നും പ്രമാണങ്ങളെ കേവലം അക്ഷരവായനയിൽ മാത്രം പരിഗണിക്കാതെ അതിന്റെ അന്തസത്ത ഉൾക്കൊണ്ട് ജീവിതത്തിൽ നടപ്പിലാക്കുകയാണ് വേണ്ടതെന്നും ‘കർമ ശാസ്ത്ര തീവ്രത’ എന്ന വിഷയത്തിൽ പ്രഭാഷണം നിർവഹിച്ച കെഐജി പ്രസിഡന്റ് ഫൈസൽ മഞ്ചേരി പറഞ്ഞു. കർമശാസ്ത്ര ഭിന്നതകൾ നിലനിൽക്കെ തന്നെ പരസ്പര ബഹുമാനത്തോടെയും വിട്ടുവീഴ്ചയോടെയും ജീവിക്കണമെന്നാണ് ഇസ്ലാം പഠിപ്പിക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

ജീർണത്തയിലേക്കും തീവ്രതയിലേക്കും വീണു പോകാതെ സന്തുലിതമായ നിലപാടാണ് വിശ്വാസികൾ സ്വീകരിക്കേണ്ടതെന്നും പ്രകൃതി മതമായ ഇസ്ലാമിനെ സുന്ദരവും ലളിതവുമായി ജീവിക്കാനുള്ള മാർഗനിർദേശങ്ങളാണ് പ്രവാചകൻമാരുടെയും അനുചരന്മാരുടെയും ചരിത്രത്തിൽ നിന്നും വീക്ഷിക്കാൻ സാധിക്കുകയെന്നും ‘ആത്മീയ തീവ്രത’ എന്ന വിഷയത്തിൽ പ്രഭാഷണം നിർവഹിച്ച കെഐജി വൈസ് പ്രസിഡന്റ് സക്കീർ ഹുസൈൻ തുവ്വൂർ പറഞ്ഞു.

ദൈവം കനിഞ്ഞേകിയ ജന്മ വാസനകളെ ക്രിയാതമകമായി ഉപയോഗപ്പെടുത്തുകയാണ് വേണ്ടതെന്നും അനുവദനീയമായ ആസ്വാദനങ്ങൾ ഇസ്ലാം ഒരിക്കലും വിലക്കിയിട്ടില്ലെന്നും ‘കല, സംഗീതം’ എന്ന വിഷയത്തിൽ പ്രഭാഷണം നടത്തിയ കെഐജി ഈസ്റ്റ് മേഖല എക്സിക്യൂട്ടീവ് അംഗം ഹസനുൽ ബന്ന പറഞ്ഞു.

ഫഹാഹീൽ യൂണിറ്റി സെന്ററിൽ സംഘടിപ്പിച്ച സെമിനാറിൽ കെഐജി ഫഹാഹീൽ ഏരിയ പ്രസിഡന്റ് റഫീഖ് ബാബു അധ്യക്ഷത വഹിച്ചു. ഏരിയ സെക്രട്ടറി കെ.പി. നൗഫൽ, പ്രോഗ്രാം കൺവീനർ യൂനുസ് കാനോത്ത് എന്നിവർ പ്രസംഗിച്ചു. സദസ്യരുടെ ചോദ്യങ്ങൾക്ക് പ്രാസംഗികർ മറുപടി നൽകി. അബ്ദുശുക്കൂർ ഖിറാഅത്ത് നടത്തി.

റിപ്പോർട്ട്: സലിം കോട്ടയിൽ