ഇന്ത്യൻ അമേരിക്കൻ നഴ്സസ് അസോസിയേഷൻ ഓഫ് ആൽബനിയുടെ ഉദ്ഘാടനം ഒക്ടോബർ എട്ടിന്
Wednesday, September 28, 2016 2:27 AM IST
ആൽബനി (ന്യൂയോർക്ക്): ഇന്ത്യൻ അമേരിക്കൻ നഴ്സസ് അസോസിയേഷൻ ഓഫ് ആൽബനി (ഐഎഎൻഎഎ) യുടെ ഔദ്യോഗിക ഉദ്ഘാടനം ഒക്ടോബർ എട്ടിനു ശനിയാഴ്ച ക്രൈസ്റ്റ് ഔർ ലൈറ്റ് ചർച്ച് (Christ Our Light Church, 1 Maria Drive, Albany, NY) ഹാളിൽ നടക്കും. ഡോ. ആനി പോൾ (റോക്ക്ലന്റ് കൗണ്ടി ലെജിസ്ലേറ്റർ), സാറാ ഗബ്രിയേൽ (പ്രസിഡന്റ്, നാഷണൽ അസോസിയേഷൻ ഓഫ് ഇന്ത്യൻ നഴ്സസ് ഓഫ് അമേരിക്ക) എന്നിവർ സംയുക്‌തമായി ഉദ്ഘാടന കർമ്മം നിർവഹിക്കും. രാവിലെ പതിനൊന്നു മുതൽ ഉച്ചയ്ക്ക് രണ്ടു വരെയാണ് ഉദ്ഘാടന സമ്മേളനം.

ആൽബനിയിലും പരിസരപ്രദേശങ്ങളിലും ആതുരശുശ്രൂഷാ രംഗത്ത് പ്രവർത്തിക്കുന്ന നഴ്സുമാരുടെ ഒരു കൂട്ടായ്മ എന്നതിലുപരി അവർ അഭിമുഖീകരിക്കുന്ന നിരവധി പ്രശ്നങ്ങൾക്ക് പരിഹാരനിർദേശങ്ങൾ നൽകുവാനും, സേവനരംഗത്ത് തങ്ങളുടെ കഴിവുകൾ അംഗീകരിക്കപ്പെടുവാനും ഇങ്ങനെയൊരു സംഘടനയുടെ പ്രാതിനിധ്യം അനിവാര്യമാണെന്ന് ഐഎഎൻഎഎ പ്രസിഡന്റ് സുജ തോമസ് വ്യക്‌തമാക്കി.



സെപ്റ്റംബർ പത്താംതിയതി സെൽക്കിർക്കിൽ വെച്ച് നടത്തിയ പിക്ക്നിക്കിൽ നിരവധി പേർ പങ്കെടുത്തിരുന്നു. റോക്ക്ലന്റ്, പോർട്ട്ചെസ്റ്റർ, ന്യൂജെഴ്സി എന്നിവിടങ്ങളിൽ നിന്നുമുള്ളവരും ഈ പിക്നിക്കിൽ പങ്കെടുത്തു. പിക്ക്നിക്കിനു ശേഷം നടന്ന യോഗത്തിലാണ് സംഘടനയുടെ ഔദ്യോഗിക ഉദ്ഘാടനച്ചടങ്ങിനെക്കുറിച്ച് തീരുമാനമുണ്ടായതെന്ന് സുജ തോമസ് പറഞ്ഞു.

ഇന്ത്യൻ അമേരിക്കൻ നഴ്സസ് അസോസിയേഷൻ ഓഫ് ആൽബനിയുടെ തുടർന്നുള്ള പ്രവർത്തനങ്ങൾക്ക് പ്രോത്സാഹനം നൽകാനും, പ്രചോദനമേകാനും അഭ്യർത്ഥിക്കുന്നതോടൊപ്പം, എല്ലാവരും ചടങ്ങിൽ പങ്കെടുത്ത് ഈ ഉദ്ഘാടന സമ്മേളനം വിജയിപ്പിക്കണമെന്നും സുജ തോമസ് അഭ്യർത്ഥിച്ചു. കൂടുതൽ വിവരങ്ങൾക്ക്: സുജ തോമസ് 518 542 0276, സപ്ന മത്തായി 518 428 5061.

റിപ്പോർട്ട്: മൊയ്തീൻ പുത്തൻചിറ