അബുദാബി മലയാളി സമാജം മന്ദിരം ഷെയ്ഖ് നഹ്യാൻ ഉദ്ഘാടനം ചെയ്യും
Tuesday, September 27, 2016 6:05 AM IST
അബുദാബി: അത്യാധുനിക സൗകര്യങ്ങളോടെ പണികഴിപ്പിച്ച അബുദാബി മലയാളി സമാജത്തിന്റെ പുതിയ മന്ദിരത്തിന്റെ ഉദ്ഘാടനം സെപ്റ്റബർ 30ന് (വെള്ളി) വൈകുന്നേരം 7.30ന് യുഎഇ സാംസ്കാരിക, വിജ്‌ഞാന വികസന മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ നിർവഹിക്കും.

മുസഫ കെഎം ട്രേഡിംഗ് സ്‌ഥാപനത്തിന് പിറകിൽ, സെന്റ് പോൾസ് കത്തോലിക്കാ ദേവാലയത്തിനു സമീപം നിർമാണം പൂരത്തിയാക്കിയ പുതിയ മന്ദിരത്തിൽ ആയിരത്തോളം പേർക്കിരിക്കാവുന്ന വിശാലമായ ഓഡിറ്റോറിയം, രണ്ടു മിനിഹാളുകൾ, വായനശാല, രണ്ടു ഷട്ടിൽ കോർട്ടുകൾ, കുട്ടികൾക്കുള്ള ഇൻഡോർ പാർക്ക്, ഭാരവാഹികൾക്കുള്ള ഓഫീസുകൾ തുടങ്ങി വിശാലമായ സൗകര്യങ്ങളോടെയാണ് പുതിയ ആസ്‌ഥാനമന്ദിരത്തിലുള്ളത്.

അബുദാബി ചേംബർ ഓഫ് കൊമേഴ്സ് ബോർഡ് ഓഫ് ഡയറക്ടേഴ്സ് മെംബറും ലുലു ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടറുമായ എം.എ.യൂസഫലി സമാജത്തിന്റെ മുഖ്യ രക്ഷാധികാരി സ്‌ഥാനം ഏറ്റെടുക്കും. എൻഎംസി ഹെൽത്ത്കെയർ വൈസ് ചെയർമാൻ ബി.ആർ.ഷെട്ടി, വിപിഎസ് ഹെൽത്ത് കെയർ ഫൗണ്ടറും മാനേജിംഗ് ഡയറക്ടറുമായ ഡോ. ഷംഷീർ വയലിൽ, ലുലു ഇന്റർനാഷണൽ എക്സ്ചേഞ്ച് മാനേജിംഗ് ഡയറക്ടർ അദീബ് അഹ്മദ്, ജമിനി ബിൽഡിംഗ് മെറ്റീരിയൽസ് എംഡി ഗണേഷ് ബാബു, സൺറൈസ് മെറ്റൽ വർക്സ് മാനേജിംഗ് ഡയറക്ടർ ലൂയിസ് കുര്യാക്കോസ്, റൂബി ഗ്രൂപ്പ് എംഡി ബാലൻ വിജയൻ തുടങ്ങിയവർ ബോർഡ് ഓഫ് ഗവർണേസ് അംഗങ്ങളാണ്.

ഉദ്ഘടനത്തോടനുബന്ധിച്ചു സാംസ്കാരിക പരിപാടികളും വിവിധ കലാപരിപാടികളും ഒരുക്കിയിട്ടുണ്ട്.

വാർത്താസമ്മേളനത്തിൽ പ്രസിഡന്റ് ബി. യേശുശീലൻ, വൈസ് പ്രസിഡന്റ് പി.ടി.റഫീഖ്, ജോയിന്റ് സെക്രട്ടറി മഹ്ബൂബ് അലി, ട്രഷറർ ഫസലുദ്ദീൻ, ചീഫ് കോഓർഡിനേറ്റർ എ.എം.അൻസാർ, മീഡിയ കോഓർഡിനേറ്റർ ജലീൽ ചോല യിൽ, കലാവിഭാഗം സെക്രട്ടറി അബ്ദുൾ കാദർ തിരുവത്ര എന്നിവർ പങ്കെടുത്തു.

റിപ്പോർട്ട്: അനിൽ സി. ഇടിക്കുള