ബിഷപ്പ് മാർ ജോയി ആലപ്പാട്ടിന്റെ മെത്രാഭിഷേക വാർഷികവും അറുപതാം ജന്മദിനവും
Tuesday, September 27, 2016 2:46 AM IST
ഷിക്കാഗോ: ഷിക്കാഗോ സെന്റ് തോമസ് രൂപതയുടെ സഹായ മെത്രാൻ മാർ ജോയി ആലപ്പാട്ടിന്റെ മെത്രാഭിഷേകത്തിന്റെ രണ്ടാം വാർഷികവും അറുപതാം ജന്മദിനവും സെപ്റ്റംബർ 27–നു ചൊവ്വാഴ്ച.

സെപ്റ്റംബർ 24–നു ശനിയാഴ്ച കത്തീഡ്രൽ ദേവാലയത്തിൽ അഭിവന്ദ്യ മാർ ജോയി ആലപ്പാട്ട് പിതാവിന്റെ മുഖ്യ കാർമികത്വത്തിൽ നടന്ന സമൂഹബലിയിൽ രൂപതാധ്യക്ഷൻ മാർ ജേക്കബ് അങ്ങാടിയത്ത് പിതാവ് ജന്മദിനാശംസകളും മെത്രാഭിഷകത്തിന്റെ മംഗളങ്ങളും നേർന്നു.

കത്തീഡ്രൽ ഇടവകയിലെ വിശ്വാസികൾക്കു പുറമെ, രൂപതയിലെ വിവിധ ഇടവകകളിൽ നിന്നെത്തിയ മതബോധന പ്രിൻസിപ്പൽമാരും കൃതജ്‌ഞതാബലിയിൽ പങ്കുചേർന്നു. ദൈവത്തിൽ നിന്നു നാം അനുദിനം സ്വീകരിക്കുന്ന അനുഗ്രഹങ്ങൾക്ക് എപ്പോഴും നന്ദിയുള്ളവരും ഉത്തരവാദിത്വബോധമുള്ളവരും ആയിരിക്കണമെന്ന് അഭിവന്ദ്യ പിതാവ് തന്റെ സന്ദേശത്തിൽ ഓർമ്മിപ്പിച്ചു. നമ്മുടെ ജീവിതത്തിലെ ആഘോഷവേളകൾ ഒരിക്കലും ആർഭാടപൂർവ്വമായിരിക്കരുതെന്നും, മറിച്ച് ലാളിത്യത്തിൽ അടിയുറച്ചതായിരിക്കണമെന്നും അഭിവന്ദ്യ പിതാവ് ഓർമ്മപ്പെടുത്തി.

റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം