ഡിട്രോയിറ്റ് മലയാളി അസോസിയേഷൻ ‘ഓണവില്ല് –2016’ ചരിത്രവിജയം
Tuesday, September 27, 2016 2:45 AM IST
ഡിട്രോയിറ്റ്: ഡിട്രോയിറ്റ് മലയാളി അസോസിയേഷന്റെ (ഡിഎംഎ) നേതൃത്വത്തിൽ കൊണ്ടാടിയ ഓണം അവിസ്മരണീയമായി. സെപ്റ്റംബർ 17–നു മാഡിസൺ ഹൈറ്റ്സിലുള്ള ലാംഫെയർ ഹൈസ്കൂൾ ഓഡിറ്റോറിയത്തിലാണ് ഡിട്രോയിറ്റ് മലയാളി അസോസിയേഷന്റെ ‘ഓണവില്ല് –2016’ സംഘടിപ്പിച്ചത്. ഡിട്രോയിറ്റിന്റെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ മലയാളികൾ പങ്കെടുത്ത ഓണാഘോഷം എന്ന ഖ്യാതി നേടിയ ‘ഓണവില്ല് –2016’ വ്യത്യസ്തതയാർന്ന പരിപാടികൾ കൊണ്ടും, സംഘടനാപാടവംകൊണ്ടും മികച്ചു നിന്നു.

ഉച്ചയ്ക്ക് ഇലയിട്ട് വിളമ്പിയ ഓണസദ്യയോടെ പരിപാടികൾ ആരംഭിച്ചു. 24 കൂട്ടം കറികളുമായി അതിഗംഭീരമായ ഓണസദ്യയായിരുന്നു ഇത്തവണത്തേത്. മാത്യു ചെരുവിൽ, സഞ്ചു കോയിത്തറ, ജിജി പോൾ, ഷാജി തോമസ്, സാജൻ ജോർജ് എന്നിവർ സദ്യയ്ക്ക് നേതൃത്വം നൽകി. തുടർന്ന് ഓണത്തോട് അനുബന്ധിച്ച് ഡിട്രോയിറ്റിൽ ആദ്യമായി നടത്തിയ ഗണപതിപ്ലാക്കൽ തോമസ് മെമ്മോറിയൽ ട്രോഫിക്കുവേണ്ടിയുള്ള വടംവലി മത്സരത്തിൽ അഭിലാഷ് പോൾ നേതൃത്വം നൽകിയ കൊമ്പൻസ് ടീം ഒന്നാം സ്‌ഥാനവും, ചാച്ചി റാന്നിയുടെ നേതൃത്വത്തിലുള്ള കൂറ്റൻസ് ടീം രണ്ടാം സ്‌ഥാനവും നേടി. ഒന്നാം സ്‌ഥാനത്തിന് അർഹരായ ടീമിന് 500 ഡോളർ ക്യാഷ് അവാർഡും, രണ്ടാം സ്‌ഥാനം നേടിയ ടീമിന് തോമസ് ആൻഡ് അസോസിയേറ്റ്സ് സ്പോൺസർ ചെയ്ത 250 ഡോളർ ക്യാഷ് അവാർഡും ലഭിച്ചു.



തുടർന്ന് രാജേഷ് നായർ നേതൃത്വം നൽകിയ ചെണ്ടമേളത്തിന്റേയും താലപ്പൊലിയുടേയും അകമ്പടിയോടെ മഹാബലിയെ ഘോഷയാത്രയായി ഓഡിറ്റോറിയത്തിലേക്ക് എതിരേറ്റു. പുലികളിയും മറ്റും ഘോഷയാത്രയ്ക്ക് മാറ്റുകൂട്ടി. പോൾ കുര്യാക്കോസ് ആണ് ഇത്തവണയും മഹാബലിയായി വേഷമിട്ടത്. ഉച്ചകഴിഞ്ഞ് 3 മണിക്ക് കലാ–സാംസ്കാരിക സമ്മേളനം ആരംഭിച്ചു. പ്രസിഡന്റ് സൈജൻ കണിയോടിക്കൽ സ്വാഗതം ആശംസിച്ച സമ്മേളനം നിയുക്‌ത ഫോമാ പ്രസിഡന്റ് ബെന്നി വാച്ചാച്ചിറ ഉദ്ഘാടനം ചെയ്തു. തുടർന്ന് അദ്ദേഹം ഓണസന്ദേശവും നൽകി. ബോർഡ് ഓഫ് ട്രസ്റ്റി ചെയർമാൻ മാത്യു ചെരുവിൽ, ഫോമാ ജോയിന്റ് സെക്രട്ടറി വിനോദ് കൊണ്ടൂർ, ഫോമാ റീജണൽ വൈസ് പ്രസിഡന്റ് റോജൻ തോമസ്, ഫോമാ നാഷണൽ കമ്മിറ്റി മെമ്പർ ജെയിൻ മാത്യൂസ് എന്നിവർ ആശംസാ പ്രസംഗങ്ങളും, ഡി.എം.എ സെക്രട്ടറി നോബിൾ തോമസ് കൃതജ്‌ഞതയും പറഞ്ഞു.

തുടർന്ന് കലാപരിപാടികൾ അരങ്ങേറി. സൈജൻ കണിയോടിക്കൽ കഥ, തിരക്കഥ, സംഗീതം, സംവിധാനം നിർവഹിച്ച ‘നിഷിഗന്ധ’ എന്ന തീയേറ്ററിക്കൽ ഷോ നിറഞ്ഞ കൈയ്യടികളോടെയാണ് സദസ് സ്വീകരിച്ചത്. അവതരണമികവുകൊണ്ട് കാണികൾക്ക് വ്യത്യസ്തതയാർന്ന ഒരു അനുഭവമായി ‘നിഷിഗന്ധ’ മാറി.

ഓണം ചെയർപേഴ്സൺ സുനിൽ പൈങ്ങോൾ പ്രോഗ്രാമുകൾക്ക് നേതൃത്വം നൽകി. ജിജി പോൾ, പ്രിൻസ് അബ്രഹാം, ശാലിനി ജയപ്രകാശ്, സൂര്യ ഗിരീഷ്, ഷാലു ഡേവിഡ്, ബോണി കോയിത്തറ, അജിത് അയ്യമ്പിള്ളി, ബോബി തോമസ്, സാം മാത്യു തുടങ്ങിയവർ ഉൾപ്പെട്ട വിപുലമായ കമ്മിറ്റിയായിരുന്നു ‘ഓണവില്ല് –2016’–ന്റെ പിന്നിൽ പ്രവർത്തിച്ചത്. ശാലിനി ജയപ്രകാശ് അറിയിച്ചതാണിത്.

റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം