യുഎസ് മാളിൽ അഞ്ചുപേരെ കൊലപ്പെടുത്തിയ സംഭവം: ടർക്കി വംശജൻ യുവാവ് അറസ്റ്റിൽ
Sunday, September 25, 2016 1:06 AM IST
വാഷിംഗ്ടൺ: വെള്ളിയാഴ്ച വൈകിട്ട് വാഷിംഗ്ടൺ മാളിൽ സ്‌ഥിതിചെയ്യുന്ന മേസീസ് സ്റ്റോറിൽ കടന്നു കയറി അഞ്ചുപേരെ കൊലപ്പെടുത്തിയ കേസിലെ പ്രതിയെന്നു പോലീസ് സംശയിക്കുന്ന ഇരുപതുകാരനായ ടർക്കി വംശജനെ ശനിയാഴ്ച വൈകിട്ട് പോലീസ് അറസ്റ്റ് ചെയ്തു. നാലു സ്ത്രീകൾ സംഭവസ്‌ഥലത്തും, ഒരു പുരുഷൻ ആശുപത്രിയിലുമാണ് മരിച്ചത്.

ഐലന്റ് കൗണ്ടി ഓക് ഹാർബറിൽ നിന്നാണു പ്രതിയെ പിടികൂടിയതെന്നു ഐലന്റ് കൗണ്ടി ഷെരീഫ് ഓഫീസ് അറിയിച്ചു. ടർക്കിയിൽ നിന്നുള്ള ആർക്കൻ സെറ്റിൻ എന്ന യുവാവ് ഓക് ഹാർബർ ഹൈസ്കൂളിലാണ് വിദ്യാഭ്യാസം നടത്തിയത്.

വെടിവെയ്പിനുള്ള കാരണം കണ്ടെത്താനായില്ലെങ്കിലും ഭീകരാക്രമണവുമായി ബന്ധമില്ലെന്നാണ് പ്രഥമിക അന്വേഷണത്തിൽ മനസിലാക്കാൻ കഴിഞ്ഞതെന്നു പോലീസ് പറഞ്ഞു. മരിച്ചവരുടെ വിശദാംശങ്ങൾ പോലീസ് പുറത്തുവിട്ടിട്ടില്ല.

റിപ്പോർട്ട്: പി.പി. ചെറിയാൻ