ഡാളസിൽ പോലീസ് അതിക്രമങ്ങൾക്കെതിരെ പ്രതിഷേധ റാലി നടത്തി
Friday, September 23, 2016 6:23 AM IST
ഡാളസ്: കറുത്ത വർഗക്കാർക്കെതിരെ വർധിച്ചുവരുന്ന പോലീസ് അതിക്രമങ്ങൾക്കെതിരെ ഡാളസിൽ നൂറുകണക്കിനാളുകൾ പ്രതിഷേധ റാലി സംഘടിപ്പിച്ചു. നെക്സ്റ്റ് ജനറേഷൻ ആക്ഷൻ നെറ്റ് വർക്കാണ് പ്രകടനത്തിന് നേതൃത്വം നൽകിയത്.

സെപ്റ്റംബർ 22ന് വൈകുന്നേരം 6.30ന് ഡാളസ് ഡൗൺ ടൗൺ മെയ്ൻ സ്ട്രീറ്റിൽനിന്നാണ് പ്രകടനം ആരംഭിച്ചത്.

നോർത്ത് കരോളിന, തുൾസ എന്നിവിടങ്ങളിൽ പോലീസിന്റെ വെടിയേറ്റു മരിച്ചവരുടെ കുടുംബങ്ങളോട് ഐക്യദാർഡ്യം പ്രഖ്യാപിക്കുന്ന മുദ്രാവാക്യങ്ങൾ മുഴക്കിയ പ്രകടനക്കാർ പോലീസിനെതിരെ ശക്‌തമായ ഭാഷയിൽ പ്രതിഷേധിച്ചു.

ഡൊമിനിക് അലക്സാണ്ടർ പ്രതിഷേധക്കാരെ അഭിസംബോധന ചെയ്തു സംസാരിച്ചു. പോലീസിന്റെ കനത്ത സുരക്ഷാ വലയത്തിലാണ് പ്രകടനം മുന്നോട്ടു നീങ്ങിയത്. അനിഷ്ട സംഭവങ്ങൾ ഒഴിവാക്കാൻ പോലീസ് ശക്‌തമായ മുൻകരുതലുകൾ എടുത്തിരുന്നു.

ജൂലൈ അഞ്ചിന് ഇതേ സംഘടന നടത്തിയ മാർച്ചിനുശേഷമാണ് അഞ്ച് പോലീസുകാർ വെടിയേറ്റു മരിച്ചത്.

റിപ്പോർട്ട്: പി.പി. ചെറിയാൻ