സ്മാഷേഴ്സ് കപ്പ് ബാഡ്മിന്റൺ ടൂർണമെന്റ്
Friday, September 23, 2016 6:16 AM IST
ഫിലഡൽഫിയ: അസൻഷൻ മാർത്തോമ യുവജന സഖ്യത്തിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന സ്മാഷേഴ്സ് കപ്പ് ബാഡ്മിന്റൺ ടൂർണമെന്റ് ഒക്ടോബർ 15ന് (ശനി) നടക്കും. Northeast Racquet Club ൽ ആണ് മത്സരം അരങ്ങേറുക.

ന്യൂയോർക്ക്, ന്യൂജേഴ്സി, പെൻസിൽവേനിയ, മേരിലാൻഡ്, വിർജീനിയ, ഷിക്കാഗോ, ടെക്സസ് തുടങ്ങിയ സംസ്‌ഥാനങ്ങളിൽനിന്നുള്ള 24 ടീമുകളാണ് ടൂർണമെന്റിൽ മാറ്റുരയ്ക്കുക. ജേതാക്കൾക്ക് 750 ഡോളറും ട്രോഫിയുമാണ് സമ്മാനം. രണ്ടാം സ്‌ഥാനക്കാർക്ക് റണ്ണേഴ്സ് അപ്പ് ട്രോഫിയും 350 ഡോളർ കാഷ് അവാർഡും ലഭിക്കും. മികച്ച കളിക്കാരനുള്ള ട്രോഫിയും പങ്കെടുക്കുന്ന എല്ലാ ടീമുകൾക്കും മെഡലും കോപ്ലിമെന്ററി ടീഷർട്ടും ലഭിക്കും.

ടൂർണമെന്റിൽനിന്നും ലഭിക്കുന്ന തുക മുഴുവൻ കേരളത്തിലെ നിർധനരായ കുട്ടികളുടെ വിദ്യാഭ്യാസത്തിന് ചെലവഴിക്കുമെന്ന് യുവജനസഖ്യം പ്രസിഡന്റ് റവ. ബിനു സി. സാമുവൽ അറിയിച്ചു.

അറ്റോർണി ജോസഫ് എം. കുന്നേൽ, വർഗീസ് മത്തായി എന്നീ സ്പോൺസേഴ്സിനൊപ്പം നിരവധി വ്യവസായ പ്രമുഖരും ടൂർണമെന്റിനു നേതൃത്വം നൽകുന്നു.

റിപ്പോർട്ട്: ബെന്നി പരിമണം