ഷിംഷ മനോജിന് കൊളംബസ് നസ്രാണി അവാർഡ്
Thursday, September 22, 2016 8:08 AM IST
ഒഹായോ: അമേരിക്കയിൽ സീറോ മലബാർ സഭയുടെ വിശ്വാസവും പാരമ്പര്യങ്ങളും കാത്തുസൂക്ഷിക്കുന്നതിന് അക്ഷീണ പ്രയത്നം നടത്തുന്നവരെ ആദരിക്കുന്ന കൊളംബസ് നസ്രാണി അവാർഡിന് ഷിംഷ മനോജ് അർഹയായി.

ഒഹായോയിൽ നടന്ന ചടങ്ങിൽ ഷിക്കാഗോ സീറോ മലബാർ രൂപത സഹായ മെത്രാൻ മാർ ജോയ് ആലപ്പാട്ട് നസ്രാണി അവാർഡ് ഷിംഷ മനോജിന് കൈമാറി.

സീറോ മലബാർ സമൂഹത്തിന് നൽകിക്കൊണ്ടിരിക്കുന്ന വിലപ്പെട്ട സംഭാവനകളെ മാനിച്ചാണ് ഷിംഷയെ അവാർഡിനർഹയാക്കിയത്. പ്രവാസികളായി അമേരിക്കയിൽ വസിക്കുമ്പോൾ സീറോ മലബാർ സഭയുടെ വിശ്വാസവും പാരമ്പര്യവും മുറുകെപ്പിടിക്കുവാൻ രണ്ടാം വത്തിക്കാൻ കൗൺസിലിന്റെ അടിസ്‌ഥാനത്തിൽ സഭാ തനയരെ ശക്‌തരാക്കുകയും അത്മായ നേതൃത്വം വളർത്തിക്കൊണ്ടു വരികയുമാണ് ഇതിന്റെ ലക്ഷ്യമെന്ന് സംഘാടകസമിതി അറിയിച്ചു. ഗ്രീന പള്ളിത്താനം, കിരൺ എലുവങ്കൽ തുടങ്ങിയവർ കഴിഞ്ഞകാലങ്ങളിൽ ഈ അവാർഡ് നേടിയിട്ടുണ്ട്.

ചടങ്ങിൽ ഫാ. മാർട്ടിൻ ഊരളിക്കുന്നേൽ, ഫാ. ജോൺ വടക്കുമുറ്റത്ത്, ഫാ. ജോ പാച്ചേരിയിൽ തുടങ്ങിയവർ സന്നിഹിതരായിരുന്നു. റോയി ജോൺ, ജിൽസൺ ജോസ്, ജോസഫ് സെബാസ്റ്റ്യൻ എന്നിവർ പ്രസംഗിച്ചു.

റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം