കോസ്റ്റാറിക്കയിൽഅഗ്നിപർവ്വതം പൊട്ടിത്തെറിച്ചു, രണ്ട് എയർപോർട്ടുകൾ അടച്ചു
Thursday, September 22, 2016 2:27 AM IST
ന്യൂയോർക്ക്: കോസ്റ്റാറിക്കയിലെ പ്രമുഖ അഗ്നിപർവ്വതങ്ങളിലൊന്നായ തുരിയാൽബ പൊട്ടിത്തെറിച്ചു. ലാറ്റിനമേരിക്കൻ രാജ്യങ്ങളിലേക്കുള്ള വ്യോമഗതാഗതം താറുമാറായി. ഇവിടേക്കുള്ള മിക്ക വിമാനസർവീസുകളും റദ്ദാക്കി. കോസ്റ്റാറിക്കയിലെ വിമാനത്താവളങ്ങൾ താത്കാലികമായി അടച്ചു. വിദേശികളടക്കം നിരവധിപേർ ഇവിടെ കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോർട്ടുകൾ. പുകഞ്ഞു നിന്നിരുന്ന അഗ്നിപർവ്വതം കഴിഞ്ഞ 24 മണിക്കൂറിനിടെ രണ്ടാമതും പൊട്ടിത്തെറിച്ചതോടെ ഭീതിദായകമായ അന്തരീക്ഷമാണ് ഇവിടെയുള്ളത്. 4000 മീറ്റർ മുകളിലേക്ക് പൊടിപടലങ്ങൾ പടർത്തിയതോടെ പ്രദേശമാകെ കനത്ത ഇരുട്ടിലായി. പതിനഞ്ചു മിനിറ്റലധികം നേരം പുകപടലങ്ങൾ ആകാശത്തേക്ക് തുപ്പിയ അഗ്നിപർവ്വതം രാജ്യത്തെ ഏറ്റവും സ്ഫോടനാത്മകമായ അഗ്നിപർവ്വതങ്ങളിൽ മുന്നിലുള്ളതാണ്. രാജ്യത്തെ രണ്ടു പ്രധാന എയർപോർട്ടുകൾ അടച്ചു. മധ്യ അമേരിക്ക വഴി പറക്കുന്ന വിമാനങ്ങൾ വഴി തിരിച്ചു വിട്ടു. വ്യോമഗതാഗതം താറുമാറായി. അഗ്നിപർവ്വതത്തിലെ നിന്നുയരുന്ന പൊടിപടലങ്ങളടങ്ങിയ മേഘങ്ങൾ വിമാനങ്ങൾക്ക് വലിയ ഭീഷണി ഉയർത്തുന്ന സാഹചര്യത്തിൽ സ്‌ഥിതി ഗതികൾ നിരീക്ഷിച്ചതിനു ശേഷമേ വ്യോമമേഖല സാധാരണഗതിയിലാവു എന്നാണ് സൂചനകൾ.

ലാറ്റിനമേരിക്കൻ രാജ്യങ്ങളിലേക്കുള്ള വിമാനങ്ങൾ മിക്കതും അലക്വേല പ്രവിശ്യയിലെ ഇന്റർനാഷണൽ എയർപോർട്ടായ യുവാൻ സാന്റാമരിയ എയർപോർട്ട് തൊട്ടാണ് പറന്നിരുന്നത്. കോസ്റ്റാറിക്കൻ തലസ്‌ഥാനമായ സാൻഹൊസെയിലെ ഈ വിമാനത്താവളത്തിനു പുറമേ പവാസ് സാൻ ഹൊസെ തോബിയാസ് ബോലാനോസ് എയർപോർട്ട് എന്നിവ താത്ക്കാലികമായി അടക്കുകയാണെന്ന് സിവിൽ ഏവിയേഷൻ ഡയറക്ടറേറ്റ് അറിയിച്ചു. കനത്ത പുകപടലങ്ങൾ മൂടിയ സാൻ ഹൊസൈയിൽ നിന്നും നാശനഷ്‌ടങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. പ്രദേശവാസികളോട് വീടുകളിൽ തന്നെയിരിക്കാനും മാസ്ക്ക് ധരിച്ചു മാത്രം പുറത്തിറങ്ങാനും അധികൃതർ അറിയിച്ചിട്ടുണ്ട്. തിങ്കളാഴ്ച രാത്രിയും ചൊവ്വാഴ്ച വൈകിട്ടുമാണ് അഗ്നിപർവ്വതം ചാരങ്ങൾ നാലു കിലോമീറ്റർ മുകളിലേക്ക് വർഷിച്ചത്. തുടർ സ്ഫോടന സാധ്യതകൾ അഗ്നിപർവ്വത നിരീക്ഷണ ഏജൻസികൾ തള്ളിക്കളയുന്നില്ല. (പത്തു ദിവസങ്ങൾക്ക് മുൻപ് ഈ അഗ്നിപർവ്വതപ്രദേശം സന്ദർശിക്കുകയും ഇവിടെ നിന്ന് ലൈവ് റിപ്പോർട്ടുകൾ തയ്യാറാക്കുകയും ചെയ്ത മാധ്യമപ്രവർത്തകനാണ് ലേഖകൻ)

റിപ്പോർട്ട്: ജോർജ് തുമ്പയിൽ