പ്രധാനമന്ത്രിയുടെ വസതി ഇനി 7–ലോക് കല്യാൺ മാർഗ്
Wednesday, September 21, 2016 8:01 AM IST
ന്യൂഡൽഹി: പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതി സ്‌ഥിതിചെയ്യുന്ന 7 റെയ്സ് കോഴ്സ് റോഡിന്റെ പേര് പുനർനാമകരണം ചെയ്തു. 7–ലോക് കല്യാൺ മാർഗ് എന്നാണ് റോഡിന്റെ പുതിയ പേര്. ഇതോടെ പ്രധാനമന്ത്രിയുടെ വിലാസം ഇനി 7–ലോക് കല്യാൺ മാർഗ് എന്ന് അറിയപ്പെടും.

നേരത്തെ, പ്രധാനമന്ത്രിയുടെ വീടിന്റെ 7–റേസ് കോഴ്സ് എന്ന പേര് ഏകാത്മാ മാർഗ് എന്നാക്കി മാറ്റണമെന്നാണ് ബിജെപി എംപി മീനാക്ഷി ലേഖി ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യം ആവശ്യപ്പെട്ട് ഡൽഹി മുനിസിപ്പൽ കൗൺസിൽ അംഗം കൂടിയായ ലേഖി സർക്കാരിനു കത്തയയ്ക്കുകയും ചെയ്തു. റേസ് കോഴ്സ് റോഡ് എന്നത് ഇന്ത്യൻ സംസ്കാരവുമായി ചേരുന്നില്ലെന്നാണ് ഇവരുടെ വാദം. തങ്ങളുടെ ആചാര്യനായ ദീൻ ദയാൽ ഉപാധ്യയുടെ സ്മരണ നിലനിർത്തുന്നതാകണം പ്രധാനമന്ത്രിയുടെ വീടിന്റെ വിലാസമെന്നാണ് മീനാക്ഷി ലേഖി പറയുന്നു.

എന്നാൽ, സംഘപരിവാർ ഛായ നൽകി റേസ് കോഴ്സ് റോഡിന്റെ പേരുമാറ്റാനുള്ള ശ്രമത്തെ എതിർക്കുമെന്നു ചൂണ്ടിക്കാട്ടി ആം ആദ്മി പാർട്ടി രംഗത്തെത്തി. റോഡിനു പേര് മാറ്റുകയാണെങ്കിൽ അതു രാജ്യത്തിനു വേണ്ടി ജീവൻ ത്യജിച്ച ജവാൻമാരുടെ സ്മരണ നിലനിർത്തിക്കൊണ്ടാകണമെന്ന് ആപ് എംഎൽഎയും മുൻ എൻഎസ്ജി കമാൻഡോയുമായ സുരീന്ദർ സിംഗ് പറഞ്ഞു. ഈ വിവാദങ്ങൾക്കിടെയാണ് റോഡിന് കേന്ദ്രസർക്കാർ പുതിയ പേര് പ്രഖ്യാപിച്ചത്.

കഴിഞ്ഞദിവസം, ഡൽഹി സിജിഒ കോംപ്ലക്സിലെ പര്യാവരൺ ഭവന്റെ പേര് പണ്ഡിറ്റ് ദീൻദയാൽ അന്ത്യോദയ ഭവൻ എന്നാക്കി മാറ്റിയിരുന്നു. കേന്ദ്രത്തിൽ ബിജെപി അധികാരത്തിലെത്തിയ ശേഷം ഡൽഹിയിലെ പല സുപ്രധാന നിരത്തുകൾക്കും കാവിഛായ നൽകാനുള്ള ശ്രമങ്ങൾ നടന്നിരുന്നു. ഔറംഗ് സേബ് റോഡിന്റെ പേരു മാറ്റി മുൻ രാഷ്ര്‌ടപതി ഡോ. എ.പി.ജെ അബ്ദുൾ കലാമിന്റെ പേരു നൽകണമെന്നായിരുന്നു ബിജെപി നേതാവ് മഹേഷ് ഗിരിയുടെ ആവശ്യം. അക്ബർ റോഡിനു മഹാറാണ പ്രതാപ് മാർഗ് എന്നാക്കണമെന്നും ആവശ്യമുയർന്നിരുന്നു.