ഇടുക്കി അസോസിയേഷൻ കുവൈത്ത് പ്രവർത്തനപദ്ധതി ഉദ്ഘാടനം ചെയ്തു
Wednesday, September 21, 2016 5:09 AM IST
കുവൈത്ത്: ഇടുക്കി അസോസിയേഷൻ കുവൈത്തിന്റെ എട്ടാമത് ഭരണസമിതി നടപ്പുവർഷത്തെ പ്രവർത്തനപദ്ധതി ഉദ്ഘാടനം ചെയ്തു. കുവൈത്ത് കോണ്ടിനന്റൽ ഹോട്ടലിൽ സെപ്റ്റംബർ 19 നു നടത്തിയ പത്രസമ്മേളനത്തിലാണ് വിവിധ പദ്ധതികളുടെ പ്രകാശന കർമം നിർവഹിച്ചത്.

അസോസിയേഷന്റെ ഈദ് – ഓണം ആഘോഷമായ ഓണനിലാവിന്റെ പ്രകാശനം പ്രസിഡന്റ് ജെറൽ ജോസിൽ നിന്ന് അഡ്വൈസറി ചെയർമാൻ ജോയി മുണ്ടക്കാട്ടും പുതിയ ജീവകാരുണ്യ പദ്ധതിയായ ‘സഹോദരന് ഒരു വീട്’ എന്ന ഭവന നിർമാണ പദ്ധതി ജനറൽ സെക്രട്ടറി ജാക്സൺ ചാക്കോയിൽ നിന്ന് മുൻ പ്രസിഡന്റ് ജോർജി മാത്യുവും തുടർ ജീവകാരുണ്യ പദ്ധതിയായ കാരുണ്യനിധി വൈസ് പ്രസിഡന്റ് ടോം ജോസിൽ നിന്ന് അഡ്വൈസറി അംഗം ഷാജു പോളും ഈദ് –ഓണാഘോഷ കൂപ്പൺ ട്രഷറർ ജോസ് തോമസിൽ നിന്ന് അഡ്വൈസറി അംഗം അനു ബെന്നിയും സ്വീകരിച്ചു.

കഴിഞ്ഞ പ്രവർത്തന വർഷങ്ങളിൽ സംഘടന ചെയ്ത സാമൂഹിക പ്രവർത്തനങ്ങൾ വിശദീകരിക്കുകയും സംഘടനയുടെ നിയമാവലി ഉയർത്തിപ്പിടിക്കുന്ന ജാതി മത രാഷ്ര്‌ടീയത്തിന് അതീതമായ ഇടുക്കിക്കാരുടെ കൂട്ടായ്മ എന്ന ആശയത്തിൽ വെള്ളം ചേർക്കാൻ ആരെയും അനുവദിക്കില്ലെന്നും ഭാരവാഹികളായ ജെറൽ ജോസും ജാക്സൺ ചാക്കോയും പറഞ്ഞു.

പത്രസമ്മേളനത്തിൽ ട്രഷറർ ജോസ് തോമസ്, വൈസ് പ്രസിഡന്റ് ടോം ജോസ് എന്നിവരും പങ്കെടുത്തു.

റിപ്പോർട്ട്: സലിം കോട്ടയിൽ