കലയുടെ തിരി തെളിഞ്ഞു; ഫീനിക്സിന് ഉത്സവമായി
Wednesday, September 21, 2016 2:37 AM IST
ഫീനിക്സ്: ഫീനിക്സ് തിരുകുടുംബ ദേവാലയത്തിന്റെ ആഭിമുഖ്യത്തിൽ കേരളാ കൾച്ചറൽ അക്കാഡമിക്ക് പുതിയ തുടക്കമായി. മലയാളത്തനിമ നിലനിർത്തുന്ന പരമ്പരാഗത ഭാരതീയ കലകളിൽ പുതിയ തലമുറയ്ക്ക് പരിശീലനം നൽകുകയെന്നതാണ് അക്കാഡമിയുടെ ലക്ഷ്യം. ഒരു സമൂഹത്തിന്റെ സാംസ്കാരിക വളർച്ചയ്ക്കും തനിമ നിലനിർത്തുന്നതിനും പാരമ്പര്യ കലകൾക്ക് വളരെയധികം പ്രാധാന്യമുണ്ടെന്നു പരിശീലന പരിപാടികളുടെ ഉദ്ഘാടനം നിർവഹിച്ചുകൊണ്ട് വികാരി ഫാ. ജോർജ് എട്ടുപറയിൽ പറഞ്ഞു.

ശാസ്ത്രീയ സംഗീതം, നൃത്തം, വിവിധ വാദ്യോപകരണങ്ങൾ തുടങ്ങിയവയിൽ പരിശീലനാർത്ഥികളാകുന്നതിന് ഇടവകാംഗങ്ങൾക്കാണ് പ്രഥമ പരിഗണന നൽകുക. പുരാതന ക്രിസ്തീയ കലകളായ മാർക്ഷംകളി, പരിചമുട്ടുകളി എന്നിവയുടെ പരിശീലനത്തിന് വിദഗ്ധരായ അധ്യാപകർ നേതൃത്വം നൽകുന്നു. ഹോളി ഫാമിലി കൾച്ചറൽ അക്കാഡമി വഴി നടപ്പാക്കാനുദ്ദേശിക്കുന്ന വിവിധ സാസ്കാരിക പരിപാടികളെക്കുറിച്ച് തോമസ് അപ്രേം സംസാരിച്ചു. ദേവാലയ ട്രസ്റ്റിമാരായ ജയ്സൺ വർഗീസ്, മനോജ് ജോൺ, പ്രസാദ് ഫിലിപ്പ് എന്നിവരാണ് അക്കാഡമിയുടെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുക. മാത്യു ജോസ് അറിയിച്ചതാണിത്.
റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം