ന്യൂയോർക്ക് സ്ഫോടനം: അറസ്റ്റിലായ ആൾ സഹോദരിയെ ആക്രമിച്ച കേസിലും പ്രതി
Tuesday, September 20, 2016 4:43 AM IST
ന്യൂയോർക്ക്: ന്യൂയോർക്ക്, ന്യൂജേഴ്സി സ്ഫോടന കേസിൽ പ്രതിയെന്ന് സംശയിക്കപ്പെടുന്ന അഹമ്മദ് ഖാൻ റഹമി 2014ൽ സ്വന്തം സഹോദരിയെ അക്രമിക്കുവാൻ ശ്രമിച്ച കേസിൽ രണ്ടുമാസം ജയിൽ ശിക്ഷ അനുഭവിച്ചിരുന്നതായി അധികൃതർ വെളിപ്പെടുത്തി.

തിങ്കളാഴ്ച പോലീസുമായുണ്ടായ ഏറ്റുമുട്ടലിൽ പരിക്കേറ്റ് അറസ്റ്റിലായതിനു ശേഷം സഹോദരി ഫേസ് ബുക്കിലൂടെ കുടുംബത്തിന്റെ സ്വകാര്യത സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് അഭ്യർഥന നടത്തിയിരുന്നു. ഇരുപത്തെട്ടുകാരനായ അഹമ്മദ് ഖാൻ അഫ്ഗാനിസ്‌ഥാനിൽ നിന്നാണ് കുടിയേറിയത്. അമേരിക്കൻ പൗരത്വം ലഭിച്ച അഹമ്മദ് ഖാൻ അടുത്തയിടെ പാക്കിസ്‌ഥാൻ, അഫ്ഗാനിസ്‌ഥാൻ തുടങ്ങിയ രാജ്യങ്ങളിൽ സന്ദർശനം നടത്തിയിരുന്നതായി തെളിവുകൾ ലഭിച്ചിട്ടുണ്ട്.

ന്യൂയോർക്കിലും ന്യൂജേഴ്സിയിലും നടന്ന സ്ഫോടനങ്ങളുടെ പിന്നിൽ ഒരാൾ തന്നെയാണെന്നു നേരത്തെ പോലീസിന് തെളിവുകൾ ലഭിച്ചിരുന്നു. തുടർന്നുനടന്ന അന്വേഷണത്തിലാണ് ന്യൂജേഴ്സിയിലെ ഒരു ബാർ ഹാൾവെയിൽ കിടന്നുറങ്ങിയിരുന്ന അഹമ്മദ് ഖാനെ കസ്റ്റഡിയിലെടുക്കുകയും തുടർന്നുനടന്ന വെടിവയ്പിൽ പരിക്കേറ്റ ഖാനെ ആശുപത്രിയിൽ അടിയന്തര ശസ്ത്രക്രിയയ്ക്കു വിധേയനാക്കി.

റിപ്പോർട്ട്: പി.പി. ചെറിയാൻ