ഭീകരതക്കെതിരെ ബഹുജന സംഗമം നടത്തി
Tuesday, September 20, 2016 4:39 AM IST
ജിദ്ദ: കേരള നദ്വത്തുൽ മുജാഹിദ്ദീൻ നടത്തുന്ന ഭീകരതക്കെതിരെ സംസ്‌ഥാന കാമ്പയിനിന്റെ ഭാഗമായി പടിഞ്ഞാറൻ മേഖല ഇന്ത്യൻ ഇസ്ലാഹി സെന്ററുകൾ സംയുക്‌തമായി ജിദ്ദയിൽ ഭീകരതക്കെതിരെ ബഹുജന സംഗമം നടത്തി.

ഇസ്ലാം സമാധാനത്തിന്റേയും ശാന്തിയുടെയും നീതിയുടെയും മതമാണന്നും ലോകത്ത് നടക്കുന്ന ഭീകര വിധ്വംസക പ്രവർത്തനങ്ങൾ ഇസ്ലാമിന്റെ പേരിൽ വകമാറ്റാനുളള അജണ്ട തിരിച്ചറിയണമെന്നും സംഗമം ആവശ്യപ്പെട്ടു.

ലോകത്ത് പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ഭീകര പ്രസ്‌ഥാനങ്ങളിൽ അൽക്വയിദ മുതൽ ഐഎസ് വരെയുളള മുഴുവൻ ഭീകരവാദ സംഘടനകളും സാമ്രാജ്യത്വത്തിന്റെ സൃഷ്‌ടിയാണെന്നും അവർക്ക് വേണ്ടതെല്ലാം നൽകി അവരെ സംരക്ഷിക്കുന്നതും വളർത്തുന്നതും സാമ്രാജ്യത്വം തന്നെയാണ്. ഈ ഭീകരരുടെ കരാള ഹസ്തങ്ങൾ ഇസ്ലാമിക രാജ്യങ്ങളിലേക്ക് മാത്രം നീളുന്നതും ഇസ്രായേൽ അടക്കമുളള സയണിസ്റ്റുകൾക്കെതിരെ ഒരു ചെറുവിരൽ പോലും അനക്കാതന്തെയെന്ന് നാം അന്വേക്ഷിക്കേണ്ടിയിരിക്കുന്നുവെന്നും സംഗമം ഓർമിപ്പിച്ചു.

ഇസ്ലാം ഭീകരവാദമല്ല, ഭീകരത ഇസ്ലാമിന്റേതല്ല, ഇസ്ലാം എന്നും ഭീകരതെക്കെതിരാണ്. ഇസ്ലാമിനെ പഠിക്കുന്ന ഏതൊരാൾക്കും അത് വ്യക്‌തമായി മനസിലാക്കാൻ സാധിക്കുമെന്നും സംഗമം ഓർമിപ്പിച്ചു.

ജിദ്ദ ഇന്ത്യൻ ഇസ്ലാഹി സെന്റർ പ്രസിഡന്റ് അബൂബക്കർ ഫാറുഖി അധ്യക്ഷത വഹിച്ചു. വിവിധ വിഷയങ്ങളവതരിപ്പിച്ച് ജൗഹർ അയനിക്കോട്, സുബൈർ പീടിയേക്കൽ, ശിഹാബ് സലഫി, സഅദുദ്ദീൽ, നൂരിഷ വളളിക്കുന്ന്, ഷാജഹാൻ എളങ്കൂർ എന്നിവർ പ്രസംഗിച്ചു. വൈകുന്നേരം നടന്ന സ്നേഹ സംവാദത്തിൽ സുബൈർ പീടിയേക്കൽ വിഷയവതരണം നടത്തി. സദസ്യരുടെ ചോദ്യങ്ങൾക്ക് നിച്ച് ഓഫ് ട്രൂത്ത് ഡയറക്ടർ എം.എം. അക്ബർ മറുപടി നൽകി.

റിപ്പോർട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂർ