ഷിക്കാഗോ സീറോ മലബാർ കത്തീഡ്രലിൽ എട്ടുനോമ്പ് തിരുനാൾ ആഘോഷിച്ചു
Tuesday, September 20, 2016 2:40 AM IST
ഷിക്കാഗോ: സീറോ മലബാർ കത്തീഡ്രലിൽ 2016 സെപ്റ്റംബർ എട്ടിനു വ്യാഴാഴ്ച മാതാവിന്റെ പിറവിത്തിരുന്നാളും, എട്ടുനോമ്പ് സമാപനവും ഭക്‌ത്യാദരപൂർവ്വം കൊണ്ടാടി. എട്ടാം തീയതി വൈകിട്ട് 6.45–നു പ്രസുദേന്തി തെനിയപ്ലാക്കൽ കുടുംബാംഗങ്ങൾ പരിശുദ്ധ അമ്മയുടെ അലങ്കരിച്ച രൂപം കത്തീഡ്രലിൽ നിന്ന് ഷിക്കാഗോ രൂപതാധ്യക്ഷൻ മാർ ജേക്കബ് അങ്ങിടയത്തിനോടൊപ്പം തിരുവസ്ത്രങ്ങൾ അണിഞ്ഞ റവ.ഡോ. അഗസ്റ്റിൻ പാലയ്ക്കാപ്പറമ്പിൽ, രൂപതാ ചാൻസിലർ റവ.ഡോ. സെബാസ്റ്റ്യൻ വേത്താനത്ത്, രൂപതാ പ്രൊക്യൂറേറ്റർ റവ.ഫാ. പോൾ ചാലിശേരി, കത്തീഡ്രൽ മുൻ വികാരി റവ.ഫാ. മാത്യു പന്തലാനിക്കൽ, കത്തീഡ്രൽ അസിസ്റ്റന്റ് വികാരി റവ.ഡോ. ജയിംസ് ജോസഫ് എസ്.ഡി.ബി, രൂപതയിലെ മറ്റു വൈദീകരായ റവ.ഫാ. സുനിൽ ചിരിയങ്കണ്ടത്ത്, റവ.ഫാ. തോമസ് മങ്ങാട്ട് എന്നീ വൈദീകരുടേയും, വാദ്യമേളത്തിന്റേയും അകമ്പടിയോടെ, പള്ളിയങ്കണത്തിലെ ഗ്രോട്ടോയിലേക്ക് വഹിച്ചു.

വൈകിട്ട് ഏഴിനു അഭിവന്ദ്യ പിതാവിന്റെ മുഖ്യകാർമികത്വത്തിൽ മനോഹരമായ അലങ്കരിച്ച ഗ്രോട്ടോയിൽ എട്ടു വൈദീകർ ചേർന്ന് ദിവ്യബലിയർപ്പിച്ചു. ദിവ്യബലിയെ തുടർന്നുള്ള, കത്തീഡ്രലിനു ചുറ്റും വാദ്യമേളങ്ങളോടെ നടത്തിയ കൊന്ത പ്രദക്ഷിണത്തിലും സ്നേഹവിരുന്നിലും അനേകം പേർ പങ്കെടുത്തു.

റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം