ഓർഗനൈസേഷൻ ഓഫ് ഹിന്ദു മലയാളീസ് ഓണം ആഘോഷിച്ചു
Monday, September 19, 2016 8:13 AM IST
ലോസ് ആഞ്ചലസ്: കലിഫോർണിയയിലെ പ്രമുഖ മലയാളി സംഘടനയായ ഓർഗനൈസേഷൻ ഓഫ് ഹിന്ദു മലയാളീസ് (ഓം) ഓണത്തോടൊപ്പം സംഘടനയുടെ രജതജൂബിലിയും ശ്രീനാരായണഗുരു ജയന്തിയും സംയുക്‌തമായി ആഘോഷിച്ചു.

സെപ്റ്റംബർ 17നു ടെസ്റ്റിനിലെ ചിന്മയ മിഷൻ സെന്ററിൽ നടന്ന ആഘോഷ പരിപാടികൾ ഉച്ചയ്ക്ക് ഓണസദ്യയോടെ തുടക്കമായി. തുടർന്നു നിരവധി കലാ സാംസ്കാരിക പരിപാടികളും അവതരിപ്പിക്കപ്പെട്ടു. താലപ്പൊലി, വാദ്യ മേളങ്ങളുടെ അകമ്പടിയോടെയുള്ള മഹാബലിയുടെ ഏഴുന്നെള്ളത്ത്, തിരുവാതിര, കൈകൊട്ടിക്കളി, പുലികളി, ഓണപാട്ടുകൾ, നൃത്തനൃത്യങ്ങൾ, സ്കിറ്റ് തുടങ്ങി വൈവിധ്യമാർന്ന പരിപാടികൾക്കു പുറമെ ഇടശേരിയുടെ പൂതപ്പാട്ടിന്റെ രംഗാവിഷ്കാരവും ആഘോഷപരിപാടികളുടെ ഭാഗമായിരുന്നു.

ഓംമിന്റെ രജതജൂബിലി ആഘോഷങ്ങളോടനുബന്ധിച്ചു പ്രസിദ്ധീകരിച്ച സുവനീറിന്റെ പ്രകാശനം മുഖ്യാതിഥിയായി പങ്കെടുത്ത ചിന്മയ മിഷന്റെ ലോസ് ആഞ്ചലസ് കേന്ദ്രം അധ്യക്ഷൻ സ്വാമി ഈശ്വരാനന്ദജി നിർവഹിച്ചു. തുടർന്നു ഓണത്തിന്റെ സന്ദേശവും നൽകി.

ആഘോഷങ്ങളുടെ ഭാഗമായി കഴിഞ്ഞ രണ്ടര പതിറ്റാണ്ടു കാലം സംഘടനയെ നയിച്ച മുൻ പ്രസിഡന്റുമാരെയും ആഘോഷങ്ങളുടെ മുഖ്യ പ്രായോജകർ പ്രമുഖ റിയൽ എസ്റ്റേറ്റർ മാത്യു തോമസിനെയും പൊന്നാട നൽകി ആദരിച്ചു.

ഗാന ഗന്ധർവ്വൻ യേശുദാസ്, മലയാളികളുടെ പ്രിയതാരം മോഹൻലാൽ, പണ്ഡിറ്റ് രമേഷ് നാരായണൻ എന്നിവരുടെ രജത ജൂബിലി ഓണ സന്ദേശങ്ങൾ പ്രദർശിപ്പിച്ചു. ജയ് മേനോൻ തിരക്കഥയെഴുതി സംവിധാനം ചെയ്ത ഹൃസ്വ ചിത്രം, സംഘടനയുടെ രണ്ടര പതിറ്റാണ്ടിന്റെ ചരിത്രം ചുരുങ്ങിയ സമയംകൊണ്ട് ഭംഗിയായി കാണികളിലെത്തിച്ചു. എഴുന്നൂറോളം പേർ ആഘോഷ പരിപാടികളിൽ പങ്കെടുത്തു.

ഭാരവാഹികളായ രമ നായർ, വിനോദ് ബാഹുലേയൻ, രവി വെള്ളതിരി, സുരേഷ് എഞ്ചൂർ എന്നിവർ സംസാരിച്ചു.

റിപ്പോർട്ട്: സന്ധ്യ പ്രസാദ്