പന്ത്രണ്ട് മണിക്കൂറിൽ മൂന്ന് അക്രമ സംഭവങ്ങൾ; ജനങ്ങൾ ഭീതിയിൽ
Monday, September 19, 2016 8:01 AM IST
ന്യൂയോർക്ക്: ന്യൂയോർക്ക്, ന്യൂജഴ്സി നഗരങ്ങളിലും മിനിസോട്ടയിലും 12 മണിക്കൂറിനുളളിൽ നടന്ന സ്ഫോടനങ്ങളും മാരകായുധ പ്രയോഗവും ജനങ്ങളിൽ ആശങ്ക ഉയർത്തിയതായി റിപ്പോർട്ട്.

ശനിയാഴ്ചയാണ് മൂന്നു സംഭവങ്ങളും അരങ്ങേറിയത്. ന്യൂജഴ്സി, ന്യൂയോർക്ക് നഗരങ്ങളിൽ സ്ഫോടനം നടത്തിയതിന്റെ പുറകിൽ ഒരാൾ തന്നെയാണെന്ന് പോലീസിന് ലഭ്യമായ സാഹചര്യ തെളിവുകൾ സൂചിപ്പിക്കുന്നു.

മിനിസോട്ടയിൽ നടന്നത് ഭീകര പ്രവർത്തനങ്ങളുടെ ഭാഗമായിരിക്കാമെന്നാണ് പ്രാഥമിക നിഗമനം. ഏഴു പുരുഷന്മാരും രണ്ടു സ്ത്രീകളും ഉൾപ്പെടെ ഒമ്പത് പേർക്കാണ് ഇവിടെ കുത്തേറ്റത്. മൂന്നു സംഭവങ്ങളും പരസ്പരം ബന്ധപ്പെട്ടതാണോയെന്നും പോലീസ് പരിശോധിച്ചു വരുന്നു.

ഗാർബേജിൽ സൂക്ഷിച്ചിരുന്ന പൈപ്പ് ബോംബാണ് ന്യൂജഴ്സിയിൽ രാവിലെ 9.30ന് പൊട്ടിത്തെറിച്ചത്. മൻഹാട്ടനിൽ രാവിലെ 8.30നായിരുന്നു സ്ഫോടനം. 29 പേർക്കാണ് ഇവിടെ നടന്ന സ്ഫോടനത്തിൽ പരിക്കേറ്റത്. എന്നാൽ പരിക്കേറ്റ ആരുടേയും നില ഗുരുതരമായിരുന്നില്ല.

ന്യൂയോർക്ക് ഗവർണർ കുമൊ സംഭവത്തിൽ ആശങ്ക പ്രകടിപ്പിച്ചു. ഇത്തരം സംഭവങ്ങൾ ഒഴിവാക്കുന്നതിന് ശക്‌തമായ നടപടികൾ സ്വീകരിക്കുമെന്നു അദ്ദേഹം പറഞ്ഞു.

റിപ്പോർട്ട്: പി.പി. ചെറിയാൻ