സലിമിന്റെ മരണം ട്രക്ക് കയറിയതിനാലെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്
Monday, September 19, 2016 8:00 AM IST
റിയാദ്: കഴിഞ്ഞ ആഴ്ച റിയാദിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ മലപ്പുറം ജില്ലയിലെ വാഴക്കാടിനടുത്ത വെട്ടുപാറ സ്വദേശി കണ്ണൻതൊടി ചെറുകുണ്ടിൽ അഹമ്മദ് സലിം (37) മരിച്ചത് ട്രക്ക് ശരീരത്തിലൂടെ കയറിയിറങ്ങിയതിനെത്തുടർന്നുണ്ടായ പരിക്കു മൂലമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്.

കഴുത്തറുത്ത് കൊല ചെയ്യപ്പെട്ടതാണെന്ന രീതിയിൽ ചില മാധ്യമങ്ങളിൽ വന്ന വാർത്ത ശരിയല്ലെന്ന് പോലീസ് ബന്ധുക്കളെ അറിയിച്ചു. എന്നാൽ വാഹനം കയറി മരിച്ചത് അപകടം മൂലമാണോ അതല്ല മനഃപൂർവം നടത്തിയ കൊലപാതകമാണോ എന്നറിയാൻ പോലീസ് അന്വേഷണം നടത്തി വരികയാണ്. അതേസമയം
റിയാദിലെ ശുമൈസി ആശുപത്രി മോർച്ചറിയിലുള്ള മൃതദേഹം ബന്ധുക്കളും സാമൂഹ്യ പ്രവർത്തകരും സലിമിന്റേതാണെന്ന് സ്‌ഥിരീകരിച്ചു.

റിയാദിലെ വിവിധ സ്ഥാപനങ്ങളിലായി ജോലി ചെയ്തിരുന്ന സലിമിന്റെ മൃതദേഹം അൽനസീം പോലീസ് സ്റ്റേഷൻ പരിധിയിൽ നിന്നാണ് കണ്ടെത്തിയത്. ഇതിനെത്തുടർന്ന് അദ്ദേഹത്തിന്റെ മൊബൈലിലേക്ക് അവസാനമായി വന്ന ഫോൺകോളുകൾ കേന്ദ്രീകരിച്ച് പോലീസ് നടത്തിയ അന്വേഷണത്തിൽ മലയാളികളടക്കം ചിലരെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. എന്നാൽ ഇവർ നിരപരാധികളെന്ന് കണ്ട് പിന്നീട് പോലീസ് വിട്ടയച്ചു.

സലിമിന് ഭാര്യയും മൂന്നു മക്കളുമുണ്ട്. മൃതദേഹം സംസ്കരിക്കുന്നതിനുള്ള നടപടിക്രമങ്ങൾ പൂർത്തിയായി വരുന്നതായി ബന്ധുക്കളോടൊപ്പം സഹായത്തിന് കൂടെയുള്ള സാമൂഹ്യ പ്രവർത്തകർ പറഞ്ഞു.

റിപ്പോർട്ട്: ഷക്കീബ് കൊളക്കാടൻ