റിയാദിൽ തൊഴിൽ പ്രതിസന്ധിയിലായ ഇന്ത്യക്കാർക്ക് യുഎഇ ഇന്ത്യൻ കോൺസുലേറ്റ് തുണയായി
Saturday, September 17, 2016 8:30 AM IST
റിയാദ്: സൗദി അറേബ്യയിൽ തൊഴിൽ പ്രശ്നത്തിലകപ്പെട്ട് ഒരു വർഷത്തോളമായി ശമ്പളമോ മറ്റ് ആനുകൂല്യങ്ങളോ ലഭിക്കാതെ വിഷമിച്ച 72 ഇന്ത്യൻ തൊഴിലാളികൾക്ക് യുഎഇയിലെ ഇന്ത്യൻ കോൺസുലേറ്റ് ജനറലിന്റെ സഹായഹസ്തം. സൗദി അറേബ്യയിൽ കരാർ ജോലിയിലേർപ്പെട്ടിരുന്ന എമിറേറ്റ്സ് നിർമാണ കമ്പനി അധികൃതരുമായി ബന്ധപ്പെട്ട കോൺസുലേറ്റിലെ തൊഴിലാളി ക്ഷേമവിഭാഗം ഈ മാസാവസനാത്തോടെ എല്ലാ പ്രശ്നങ്ങളും പരിഹരിക്കാമെന്ന് ഉറപ്പു നൽകിയതായി റിയാദിലെ സാമൂഹ്യ പ്രവർത്തകൻ ആർ. മുരളീധരൻ പറഞ്ഞു.

എൻജിനിയർമാരും ടെക്നീഷ്യൻമാരും മെക്കാനിക്കുകളും ലേബർമാരുമായി 72 പേരാണ് റിയാദിൽ ഒരു വർഷമായി ശമ്പളം ലഭിക്കാതെ നരകയാതനയനുഭവിക്കുന്നത്. ദുബായിൽ ജോലിക്കായാണ് ഇവരെ കമ്പനി വർഷങ്ങൾക്ക് മുൻപ് കൊണ്ടു വന്നത്. എന്നാൽ റിയാദിലെ കിംഗ് അബ്ദുള്ള ഫിനാൻഷ്യൽ ഡിസ്ട്രിക്ടിലെ കരാർ ജോലിക്കായി സൗദി അറേബ്യയിലേക്ക് കൊണ്ടു വരികയായിരുന്നു. ഒരു വർഷം മുൻപ് ഈ ജോലി അവസാനിച്ചതോടെ അവർക്ക് ശമ്പളവും മറ്റാനുകൂല്യങ്ങളും നൽകിയില്ല. താമസിക്കുന്ന കെട്ടിടത്തിന് വാടക നൽകാത്തതിനാൽ ഇവിടേയ്ക്കുള്ള വെള്ളവും വെളിച്ചവും കെട്ടിടമുടമ വിഛേദിച്ചു. ഏറെ കഷ്ടപ്പെട്ട് ദിവസങ്ങളെണ്ണി കാത്തിരുന്ന ഇവരുടെ എല്ലാം ഇഖാമയുടെ കാലാവധിയും അവസാനിച്ചിരുന്നു.

പ്രവാസി മലയാളി ഫെഡറേഷൻ പ്രവർത്തകരാണ് ഇവർക്കുവേണ്ട സഹായങ്ങൾ ചെയ്തു വരുന്നത്. ഇവർക്കുവേണ്ട ഭക്ഷണവും മറ്റു സൗകര്യങ്ങളും സംഘടയുടെ പ്രവർത്തകർ നൽകുന്നുണ്ട്. ആർ. മുരളീധരൻ യുഎഇയിലെ ഇന്ത്യൻ കോൺസുലേറ്റിന് നൽകിയ പരാതിയുടെ അടിസ്‌ഥാനത്തിലാണ് ഇപ്പോൾ നടപടി ആയിരിക്കുന്നത്. യുഎഇയിലെ ഇന്ത്യൻ ലേബർ കോൺസുൽ രാജു ബാലകൃഷ്ണൻ കമ്പനിയുടെ എച്ച്ആർ മാനേജർ ബസാം അൽ മത്താനിയുമായി ബന്ധപ്പെടുകയും ഈ മാസം പ്രശ്നങ്ങൾക്ക് പരിഹാരം കാണുമെന്ന ഉറപ്പു വാങ്ങുകയും ചെയ്തു. പത്ത് ദിവസം കഴിഞ്ഞ് ഇതിന്റെ പുരോഗതി അറിയിക്കാമെന്നും ആർ. മുരളീധരന് അദ്ദേഹം വാക്ക് നൽകിയിട്ടുണ്ട്.

ഇന്ത്യക്കാരായ ജോലിക്കാരിലധികവും ആനുകൂല്യങ്ങൾ ലഭിച്ചാൽ സ്വദേശത്തേക്ക് തിരിച്ചു പോകാൻ തയാറായി നിൽക്കുകയാണ്. കുറച്ചുപേർ മറ്റു കമ്പനികളിൽ സമാനമായ ജോലി ലഭിച്ചാൽ ഇവിടെ തുടരാനും ആഗ്രഹിക്കുന്നുണ്ട്.

<ആ>റിപ്പോർട്ട്: ഷക്കീബ് കൊളക്കാടൻ