കുവൈത്ത് കോയിപ്രം പ്രവാസി അസോസിയേഷൻ ‘ഓണപ്പുലരി 2016’ സംഘടിപ്പിച്ചു
Saturday, September 17, 2016 8:24 AM IST
കുവൈത്ത്: കുവൈത്ത് കോയിപ്രം പ്രവാസി അസോസിയേഷന്റെ ‘ഓണപ്പുലരി 2016’ എന്ന പേരിൽ സംഘടിപ്പിച്ച പരിപാടി വർണ വിസ്മയമായി. ഇന്ത്യൻ സെൻട്രൽ സ്കൂളിൽ നടന്ന ആഘോഷ പരിപാടി ഇന്ത്യൻ അംബാസഡർ ഹിസ് സുനിൽ ജെയിൻ ഉദ്ഘാടനം ചെയ്തു. ആനി മാത്യൂസ് അധ്യക്ഷത വഹിച്ചു. ചടങ്ങിൽ ആറു പതിറ്റാണ്ടു കാലത്തെ പ്രവാസ ജീവിതത്തിൽ സാമൂഹ്യ രംഗത്ത് സ്വന്തം കൈയ്യൊപ്പ് പതിപ്പിക്കുകയും 1990 ലെ കുവൈത്ത് അധിനിവേശത്തിൽ അകപ്പെട്ടുപോയ രണ്ടു ലക്ഷത്തോളം വരുന്ന ഇന്ത്യക്കാരെ സുരക്ഷിത സ്‌ഥാനത്ത് എത്തിക്കുവാൻ നേതൃത്വം വഹിച്ച എം. മാത്യൂസിന് പ്രവാസി വിഭൂഷൺ അവാർഡ് നൽകി ആദരിച്ചു. അവാർഡ് ഇന്ത്യൻ അംബാസഡറിൽനിന്നും മകൾ ആനി മാത്യൂസ് ഏറ്റുവാങ്ങി.

ഇന്ത്യൻ പ്രവാസികളുടെ കുവൈറ്റിലെ ചരിത്രം എഴുതിയും സാംസ്കാരിക ഇടപെടലുകൾ നടത്തിയും പ്രശസ്തനായ സാം പൈനുംമൂട്, ടൊയോട്ട കമ്പനി ജനറൽ മാനേജർ എം.എ. ഹിലാൽ, കുവൈത്ത് എൻഎസ്എസ് വനിതാ വേദി കൺവീനർ കീർത്തി സുമേഷ് എന്നിവർ പ്രസംഗിച്ചു.

മീര സാം, മീനു സാം എന്നിവരുടെ പ്രാർഥന ഗാനത്തോടെ ആരംഭിച്ച ചടങ്ങിൽ സാം അടപ്പനാംകണ്ടം സ്വാഗതം ആശംസിച്ചു. തുടർന്നു വഞ്ചിപ്പാട്ട്, താലപ്പൊലി, മാവേലി, ശിങ്കാരി മേളം തുടങ്ങിയവയും മറ്റിതര സാംസ്കാരിക പരിപാടികളും അരങ്ങേറി. ആറന്മുള വിമാനത്താവളം പരിസ്‌ഥിതിക്ക് കോട്ടം വരുത്തുന്നില്ലെങ്കിൽ എതിർക്കേണ്ടതില്ല എന്ന ശബ്ദം ഉയർത്തിയ പരിപാടികൾ മനോജ് ഓതറയും വിദ്യാ മേരി സാമും നിയന്ത്രിച്ചു. മ്യൂസിക് ബീറ്റിന്റെ കലാകാരൻമാർ അരങ്ങിൽ വിവിധ കലാ വിരുന്നു പ്രേക്ഷകർക്ക് സമ്മാനിച്ചു. നിധിൻ തോട്ടത്തിൽ നേതൃത്വം നൽകി.

<ആ>റിപ്പോർട്ട്: സലിം കോട്ടയിൽ