അബുദാബി കിരീടാവകാശി ഫ്രാൻസിസ് മാർപാപ്പയുമായി കൂടിക്കാഴ്ച നടത്തി
Friday, September 16, 2016 10:54 PM IST
വത്തിക്കാൻ: അബുദാബി കിരീടാവകാശിയും യുഎഇ സൈന്യത്തിന്റെ ഡെപ്യൂട്ടി സുപ്രീം കമാൻഡറുമായ മുഹമ്മദ് ബിൻ സയിദ് ഫ്രാൻസിസ് മാർപാപ്പയുമായി കൂടിക്കാഴ്ച നടത്തി. വത്തിക്കാൻ പേപ്പൽ ഹെഡ്ക്വാർട്ടേഴ്സിൽ വച്ചായിരുന്നു കൂടിക്കാഴ്ച. ദൈവത്തിന്റെ പേരിൽ ലോകത്തിന്റെ വിവിധയിടങ്ങളിൽ നടക്കുന്ന ഭീകരാക്രമണങ്ങളെ തള്ളിപ്പറയാൻ മുഹമ്മദ് ബിൻ സയിദ് അടക്കമുള്ളവരോട് മാർപാപ്പ ആഹ്വാനം ചെയ്തിരുന്നു. ഇതിനു തൊട്ടുപിന്നാലെയായിരുന്നു കൂടിക്കാഴ്ച.

ചെയ്യാത്ത തെറ്റുകൾക്ക് മതവിശ്വാസികൾ ലോകത്ത് പീഡിപ്പിക്കപ്പെടുകയാണെന്നും മതത്തെ അടിസ്‌ഥാനമാക്കിയുള്ള ഭീകരവാദത്തിനെതിരേ ഒന്നിച്ചു നിൽക്കാമെന്നും അബുദാബി കിരീടാവകാശി മാർപാപ്പായോടു പറഞ്ഞു. ഐഎസ് ഭീകരർ ഇറാക്കിലും, സിറിയയിലും നടത്തുന്ന ക്രിസ്തീയ മതക്കാർക്കെതിരായ വംശഹത്യകളെ രാജകുമാരൻ തള്ളിപ്പറഞ്ഞു. പരസ്പരമുള്ള തെറ്റിദ്ധാരണകൾ അസമാധാനത്തിലേക്കു നയിക്കുമെന്നും, ഐക്യമാണ് ആവശ്യമെന്നും മതനേതാക്കൾ വ്യക്‌തമാക്കി.

കൂടിക്കാഴ്ചയ്ക്കിടെ ഫ്രാൻസിസ് മാർപാപ്പയും മുഹമ്മദ് ബിൻ സയിദ് രാജകുമാരനും പരസ്പരം സമ്മാനങ്ങൾ കൈമാറി.