ഫിലഡൽഫിയയിൽ വിശ്വാസ പരിശീലനക്ലാസ് ഉദ്ഘാടനം ചെയ്തു
Thursday, September 15, 2016 7:01 AM IST
ഫിലഡൽഫിയ: ഷിക്കാഗോ സീറോ മലബാർ രൂപതയുടെ കീഴിലുള്ള ഫിലഡൽഫിയ സെന്റ് തോമസ് സീറോ മലബാർ ഫൊറോന ദേവാലയത്തിലെ മതബോധന സ്കൂളിലെ 2016–2017 അധ്യയനവർഷക്ലാസുകൾക്ക് സെപ്റ്റംബർ 11നു തുടക്കം കുറിച്ചു.

ദിവ്യബലിക്കുശേഷം ഇടവക വികാരി ഫാ. ജോണിക്കുട്ടി ജോർജ് പുലിശേരി, ഫാ. ജോസ്, വിശ്വാസിസമൂഹം എന്നിവരെ സാക്ഷി നിർത്തി ജർമൻടൗൺ മിറാക്കുലസ് മെഡൽ ഷ്രൈൻ എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ. കാൾ പീബർ ഭദ്രദീപം തെളിച്ച് ഉദ്ഘാടനം ചെയ്തു.

ഫാ. ജോണിക്കുട്ടി പുലിശേരി, ഫാ. ജോസ്, ഫാ. കാൾ പീബർ എന്നിവർ കാർമികരായി അർപ്പിച്ച ദിവ്യബലിമധ്യേ മൂന്നൂറിൽ പരം മതബോധനവിദ്യാർഥികളെയും നാല്പതിലധികം വരുന്ന അധ്യാപകരെയും പുതിയ അധ്യയനവർഷത്തേക്ക് ഫാ. ജോണിക്കുട്ടി സ്വാഗതം ചെയ്തു.

ആഗോളസഭ ദൈവികകരണയുടെ ജൂബിലി വർഷം ആചരിക്കുന്നതിനോടനു ബന്ധിച്ച് കാരുണ്യപ്രവൃത്തിയിലൂന്നിയ പലപരിപാടികളും സൺഡേസ്കൂൾ കുട്ടികൾക്കായി പുതിയ അധ്യയനവർഷം പ്ലാൻ ചെയ്തിട്ടുണ്ട്. ബൈബിൾ പാരായണം, പാവപ്പെട്ടവർക്ക് ആഹാരം, ഫുഡ് ഡ്രൈവ്, തീർഥാടനം, അഖണ്ഡജപമാലയർപ്പണം തുടങ്ങിയവ ഇതിൽ ഉൾപ്പെടുന്നു.

പ്രീകെ മുതൽ പന്ത്രണ്ടു വരെയുള്ള ക്ലാസുകളിലെ കുട്ടികൾക്ക് എല്ലാ ഞായറാഴ്ചകളിലും ദിവ്യബലിക്കുശേഷം ഒരുമണിക്കൂർ വിശ്വാസപരിശീലനം നൽകിവരുന്നു. കുട്ടികളിൽ വിവിധ പ്രായത്തിൽതന്നെ ക്രൈസ്തവ വിശ്വാസവും സഭാപഠനങ്ങളും കൂദാശാതിഷ്ഠിതജീവിതവും മാനുഷികമൂല്യങ്ങളും പ്രകൃതിസ്നേഹവും സഹജീവിയോടുള്ള കരുണയും പങ്കുവയ്ക്കലിന്റെ പ്രാധാന്യവും ബൈബിൾ അധിഷ്ഠിതമായ അറിവും വിശ്വാസപരിശീലനത്തിലൂടെയും ആഘോഷങ്ങളിലൂടെയും നൽകേണ്ടത് ഭാവിയിൽ നല്ല പൗരന്മാരാകാൻ അത്യന്താപേക്ഷിതമാണ്.

സൺഡേ സ്കൂൾ യൂത്ത് ക്വയർ ആലപിച്ച ഗാനങ്ങൾ ദിവ്യബലിയെ ഭക്‌തിസാന്ദ്രമാക്കി.

സ്കൂൾ പ്രിൻസിപ്പൽ ജേക്കബ് ചാക്കോ സംസാരിച്ചു. വൈസ് പ്രിൻസിപ്പാൾ ജോസ് മാളേയ്ക്കൽ അധ്യാപകരെ പരിചയപ്പെടുത്തി. ട്രസ്റ്റിമാരായ ഷാജി മിറ്റത്താനി, സണ്ണി പടയാറ്റിൽ, പിടിഎ പ്രസിഡന്റ് ജോജി ചെറുവേലിൽ, മുൻ സ്കൂൾഡയറക്ടർ ഡോ. ജയിംസ് കുറിച്ചി, സ്കൂൾ രജിസ്ട്രാർ ടോം പാറ്റാനിയിൽ, സ്കൂൾ കൗൺസിൽ അംഗങ്ങൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

<ആ>റിപ്പോർട്ട്: ജോസ് മാളേയ്ക്കൽ