ഡാളസിലെ 37 ശതമാനം കുട്ടികൾ പട്ടിണിയിലെന്നു റിപ്പോർട്ട്
Thursday, September 15, 2016 6:49 AM IST
ഡാളസ്: ഡാളസിലെ കുട്ടികളിൽ 37 ശതമാനം ദാരിദ്ര്യത്തിൽ കഴിയുന്നവരാണെന്ന് ഓസ്റ്റിൻ ആസ്‌ഥാനമായി പ്രവർത്തിക്കുന്ന സെന്റർ ഫോർ പബ്ലിക് പോളിസി പ്രയോർട്ടീസ് പുറത്തിക്കിയ സ്റ്റേറ്റ് ഓഫ് ടെക്സസ് ചിൽഡ്രൻ റിപ്പോർട്ടിൽ പറയുന്നു.

ഡാളസിൽ കഴിയുന്ന 1,79, 020 കുട്ടികളിൽ ശരിയായ ഭക്ഷണമോ പോഷകാംശങ്ങളോ ലഭിക്കാത്തവരിൽ 35 ശതമാനം ലാറ്റിനോയും 34 ശതമാനം കറുത്തവർഗക്കാരുമാണെന്ന് സർവേ ചൂണ്ടിക്കാട്ടി. ടെക്സസിലെ ചില പ്രധാന സിറ്റികളെക്കുറിച്ചു നടത്തിയ പഠനത്തിൽ ഏറ്റവും കൂടുതൽ ദാരിദ്ര്യമനുഭവിക്കുന്നവർ ഡാളസിലാണ്.

ദാരിദ്ര്യമനുഭവിച്ചു വളരുന്ന കുട്ടികളിൽ അക്രമവാസന വർധിച്ചു വരുന്നതായി പബ്ലിക് ഹെൽത്തിനെക്കുറിച്ചു നടന്ന പഠനത്തിൽ ഇന്റർനാഷണൽ ജേർണൽ വെളിപ്പെടുത്തുന്നു. 2013 മുതൽ ഡാളസ് ഇൻഡിപെൻഡന്റ് സ്കൂൾ ഡിസ്ട്രിക്ടിൽ പഠിച്ചിരുന്ന എല്ലാ കുട്ടികൾക്കും കുറഞ്ഞ നിരക്കിൽ ഉച്ചഭക്ഷണം നൽകിയിരുന്നുവെങ്കിലും 89 ശതമാനത്തിനും സൗജന്യ ഭക്ഷണമാണ് ലഭിച്ചിരുന്നത്. എന്നാൽ 2016 അധ്യയന വർഷം മുതൽ എല്ലാ കുട്ടികൾക്കും സൗജന്യ ഭക്ഷണം നൽകിവരുന്നതായി ഡിഐഎസ്ഡി അധികൃതർ പറഞ്ഞു.

ഡാളസിലെ പല സാമൂഹ്യ സാംസ്കാരിക സംഘടനകളും കുട്ടികൾക്ക് ഭക്ഷണം എത്തിക്കുന്നതിനു പ്രത്യേകം പദ്ധതികൾ തയാറാക്കിയിട്ടുണ്ട്.

ഓണാഘോഷം ഒഴിവാക്കി കേരളത്തിൽ അനാഥാലയങ്ങളിൽ കഴിയുന്നവർക്ക് ആഹാരം നൽകുന്നതിന് ഡാളസിലെ പരിമിതമായ സംഘടനകൾ കാഴ്ചവച്ച ഉദാത്ത മാതൃക മറ്റു മലയാളി സംഘടനകൾ കൂടി പിന്തുടരുകയാണെങ്കിൽ ഡാളസിൽ കഴിയുന്ന ദരിദ്രരായ കുട്ടികളുടെ പ്രശ്നങ്ങൾ ഒരു പരിധിവരെ പരിഹരിക്കാൻ കഴിയും.

<ആ>റിപ്പോർട്ട്: പി.പി. ചെറിയാൻ