മിനായിൽ മലയാളി മരിച്ചു
Tuesday, September 13, 2016 12:40 AM IST
മിന: വിശുദ്ധ ഹജ്‌ജ് കർമത്തിന്റെ പ്രധാന ചടങ്ങായ അറഫാ സംഗമത്തിനു പുറപ്പെടാനിരിക്കെ മിനയിലെ ടെന്റിൽ നിന്നും നെഞ്ചുവേദനയെ തുടർന്നു ന്യൂമിന ആശുപത്രിയിൽ ചികിത്സയിലായിരുന്ന മലയാളി ഹാജി ഞായറാഴ്ച രാത്രി മരിച്ചു. സർക്കാർ ഹജ്‌ജ് ഗ്രൂപ്പ് വഴി എത്തിയ മുക്കം കാരമൂല സ്വദേശി കെ.പി. മോയിൻ കുട്ടിയുടെ മകൻ കെ.പി. കുഞ്ഞിമോയിൻ മാസ്റ്റർ (60) ആണ് മരിച്ചത്.

ഭാര്യയും സഹോദരിയും അടക്കം അഞ്ചു ബന്ധുക്കളോടൊപ്പം ഹജ്‌ജനു വന്നതായിരുന്നു അദ്ദേഹം. കാരമൂല ജിഎൽപിഎസ് സ്കൂളിൽ നിന്നും പ്രധാന അധ്യാപകനായി വിരമിച്ചശേഷം വിശ്രമജീവിതം നയിക്കുകയായിരുന്നു.

ഭാര്യ: റുഖിയ. മക്കൾ: ഷബീർ, സഫ്ന, ശമീർ, സുഹാന, ഷജീർ. സഹോദരൻ ജാഫർ ജിദ്ദയിൽ ജോലിചെയ്യുന്നു.

മയ്യിത്ത് തിങ്കളാഴ്ച*പെരുന്നാൾ ദിവസം അസർ നിസ്കാരത്തിനുശേഷം മക്കയിലെ ശറാഇയ്യ ഖബർസ്‌ഥാനിൽ ഖബറടക്കി.

മയ്യിത്ത് പരിപാലനത്തിനും നിയമപരമായ രേഖകൾ ശരിയാക്കുന്നതിനുമായി അബ്ദുറഷീദ് കോട്ടയ്ക്കലിന്റെ നേതൃത്വത്തിൽ ആർഎസ്സി വോളന്റിയർ ടീം രംഗത്തുണ്ടായിരുന്നു.