ഗുരുദേവ ജയന്തിയും ഓണാഘോഷവും ഫിലാഡൽഫിയയിൽ 17–ന്
Tuesday, September 13, 2016 12:35 AM IST
ഫിലാഡൽഫിയ: ശ്രീനാരായണ ഗുരുദേവന്റെ 162– ാമതു ജയന്തിയും, സമത്വ സുന്ദരവും സ്വപ്ന സദൃശവുമായ ഗതകാല സ്മരണകളുടെ അനുഭൂതി പകരുന്ന ഓണവും സംയുക്‌തമായി ഫിലാഡൽഫിയ ശ്രീനാരായണ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ സെപ്റ്റംബർ 17–നു ശനിയാഴ്ച രാവിലെ 10.30 മുതൽ ഹാവർ ടൗൺ ട്രിനിറ്റി ലൂഥറൻ ഓഡിറ്റോറിയത്തിൽ വച്ചു വൈവിധ്യമാർന്ന പരിപാടികളോടെ ആഘോഷിക്കുന്നു. താലപ്പൊലി ഘോഷയാത്രയോടെ പരിപാടികൾ സമാരംഭിക്കും. തുടർന്നു നടക്കുന്ന ജയന്തി സമ്മേളനത്തിൽ ഡിസ്ട്രിക് ജഡ്ജ് ഹാരി ജെ. കെ.മുഖ്യാതിഥിയായി പങ്കെടുക്കും. ശ്രീമദ് ബോധിതീർത്ഥ സ്വാമികളുടെ അനുഗ്രഹ പ്രഭാഷണത്തെ തുടർന്നു, പ്രഫ. കോശി തലക്കൽ ജയന്തി സന്ദേശവും, ഡോ. നിഷ പിള്ള മുഖ്യ പ്രഭാഷണവും നടത്തും. അമേരിക്കയിലെ വിവിധ സംസ്‌ഥാനങ്ങളിൽ നിന്നും എത്തിച്ചേരുന്ന സംഘടനാ നേതാക്കളും ഫിലാഡൽഫിയ ശ്രീനാരായണ അസോസിയേഷൻ പ്രതിനിധികളും സമ്മേളനത്തിൽ ആശംസകൾ അർപ്പിച്ച് സംസാരിക്കും.

സമ്മേളനാനന്തരം പരമ്പരാഗത രീതിയിലുള്ള ഓണസദ്യയെ തുടർന്നു മഹാബലി വരവേൽപ്പോടെ വൈവിധ്യമാർന്ന കലാപരിപാടികൾക്ക് തിരശീല ഉയരും. സുപ്രസിദ്ധ കലാകാരൻ മോഹൻ പ്ലാവിള യുടെ കഥകളി നടനം, പ്രശസ്ത ഗായകരായ കാർത്തിക ഷാജി, ശബരിനാഥ് എന്നിവർ നയിക്കുന്ന ഗാനമേള, എസ്എൻഎ കലാസംഘം അവതരിപ്പിക്കുന്ന നിറപ്പകിട്ടാർന്ന നൃത്തരൂപങ്ങൾ, ഗാനാലാപനങ്ങൾ എന്നിവ ജയന്തി ഓണം ആഘോഷങ്ങൾക്ക് ചാരുതപകരും.

കൂടുതൽ വിവരങ്ങൾക്ക്: പ്രസിഡന്റ് ശ്രീനിവാസൻ ശ്രീധരൻ (610 574 9004), ജനറൽ സെക്രട്ടറി ഡോ. ജെയ്മോൾ ശ്രീധർ (484 535 1553), ട്രഷറർ മ്യൂണിക് ഭാസ്കർ (610 717 8523).

<യ> റിപ്പോർട്ട്: മാർട്ടിൻ വിലങ്ങോലിൽ