നിരക്കുകൾ ഇടിച്ചിറക്കി എയർ ഇന്ത്യ; കേരളീയർക്ക് വമ്പൻ ഓണസമ്മാനം
Friday, September 9, 2016 5:57 AM IST
അബുദാബി: ഓണക്കാലത്ത് കേരളത്തിലേക്കുള്ള എല്ലാ വിമാനങ്ങളിലേയും ടിക്കറ്റ് നിരക്കുകൾ വെട്ടിക്കുറച്ച് മലയാളികൾക്ക് എയർ ഇന്ത്യ എക്സ്പ്രസിന്റെ ഓണ സമ്മാനം. ഈദും ഓണവും ഒരുമിച്ചുവരുന്ന സെപ്റ്റംബർ 14 മുതലാണ് നിരക്കുകളിൽ എയർ ഇന്ത്യ എക്സ്പ്രസ് വൻ കുറവ് വരുത്തിയിരിക്കുന്നത്. പുതിയ നിരക്കനുസരിച്ച് അബുദാബി – കോഴിക്കോട് റൂട്ടിൽ 1260 രൂപയാണ് ഒറ്റയടിക്ക് കുറച്ചത്. നേരത്തെ 7830 രൂപയായിരുന്നത് (435 ദിർഹം) പുതിയ നിരക്കനുസരിച്ച് 6570 രൂപയായി (365 ദിർഹം) കുറയുമെന്ന് എയർ ഇന്ത്യ ട്രാവൽ കൺസൾട്ടന്റ് അബ്ദുൾ സാലിഹ് അറിയിച്ചു. കോഴിക്കോട്ടേക്ക് സാധാരണ ആഘോഷാവസരങ്ങളിൽ 1100 ദിർഹം വരെയായി ടിക്കറ്റ് നിരക്ക് ഉയരാറുണ്ട്.

പുതുക്കിയ നിരക്കനുസരിച്ച് കൊച്ചിയിലേക്ക് 7470 രൂപയും (415 ദിർഹം) തിരുവനന്തപുരത്തേയ്ക്ക് 9090 രൂപയും (505 ദിർഹം) ഡൽഹിയിലേക്ക് 6516 രൂപയും (362 ദിർഹം) മംഗളൂരുവിലേക്ക് 6660 രൂപയും (370 ദിർഹം) അൽ അയ്ൻ– കോഴിക്കോട് റൂട്ടിൽ 7650 രൂപയുമാണ് (425 ദിർഹം) യാത്രക്ക് ഈടാക്കുക.

എയർ ഇന്ത്യ എക്സ്പ്രസ് ഇനി മുതൽ അബുദാബി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ടെർമിനൽ ഒന്നിനു പകരം ടെർമിനൽ 1 എ ൽ നിന്നാണ് പുറപ്പെടുകയെന്നും അറിയിപ്പിൽ പറയുന്നു.