കരിപ്പൂരിൽ വലിയ വിമാനങ്ങൾക്കുള്ള വിലക്ക് നീക്കാതിരിക്കുന്നതിനു ഒരു ന്യായീകരണവുമില്ല: സിയാട്ട
Wednesday, September 7, 2016 8:24 AM IST
ജിദ്ദ: റൺവേ ബലപ്പെടുത്തുന്നതിന്റെ ഭാഗമായി പതിനാറു മാസമായി വലിയ വിമാനങ്ങൾക്ക് ഏർപ്പെടുത്തിയ വിലക്ക് യാതൊരു അടിസ്‌ഥാനവുമില്ലാതെ അനന്തമായി നീട്ടികൊണ്ടുപോയി മലബാർ മേഖലയിൽ നിന്നുള്ള പ്രവാസികളെ ദ്രോഹിക്കുന്ന നടപടി ഇന്ത്യൻ വ്യോമയാന മന്ത്രാലയവും ഉഏഇഅ യും (ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻസും) അവസാനിപ്പിക്കണമെന്ന് സൗദി ഇന്ത്യൻ എയർ ട്രാവലേഴ്സ് അസോസിയേഷൻ (സിയാട്ട) ആവശ്യപ്പെട്ടു

2015 മേയ് ഒന്നു മുതൽ വലിയ വിമാനങ്ങൾക്കു വിലക്കേർപ്പെടുത്തുമ്പോൾ പറയാത്ത കാര്യങ്ങൾ ഒന്നിനു പിറകെ ഒന്നായി എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയിലെ ഉദ്യോഗസ്‌ഥർ ഇപ്പോൾ ഉന്നയിക്കുന്നത് കരിപ്പൂരിനെ തകർക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമായാണ് പ്രവാസികൾ കാണുന്നത്.

വിമാന നിർമാതാക്കളുടെ മാന്വൽ പ്രകാരം ബോയിംഗ് 747 ഉൾപ്പെടെയുള്ള വലിയ വിമാനങ്ങൾ സുഗമമായി ഇറക്കാൻ വേണ്ടത് 8000 അടി റൺവേ യാണ്. കരിപ്പൂരിൽ അത് 9500 അടിയോളം ഉണ്ട് (2850 മീറ്റർ). 2850 മീറ്റർ നീളമുള്ള കരിപ്പൂരിലെ റൺവേയിൽ വലിയ വിമാനം ഇറങ്ങാൻ പറ്റില്ല എന്നു പറയുന്ന അതോറിറ്റി ലക്നോവിൽ വെറും 2760 മീറ്റർ നീളമുള്ള റൺവേയിൽ വലിയ വിമാനങ്ങൾ ഇറക്കുന്നു. കരിപ്പൂരിനെക്കാൾ റൺവേ നീളം കുറഞ്ഞ രാജ്യത്തെ മറ്റു എയർപോർട്ടുകളിലും വലിയ വിമാനങ്ങൾക്ക് വിലക്കില്ല. വിമാന കമ്പനികളും വിമാന നിർമാതാക്കളും നിലവിലുള്ള റൺവേ എമ്പാടും മതിയെന്ന് വ്യക്‌തമായ ടെക്നിക്കൽ രേഖകളുടെ അടിസ്‌ഥാനത്തിൽ സമർത്ഥിക്കുന്നു.

മലബാർ ഡെവലപ്മെന്റ് ഫോറം കരിപ്പൂർ എയർപോർട്ട് സംരക്ഷണത്തിന്റെ ഭാഗമായി സെപ്റ്റംബർ 15നു നടത്തുന്ന കരിദിനത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് സിയാട്ടയുടെ നേതൃത്വത്തിൽ എട്ടിനു (വ്യാഴം) രാത്രി ഒമ്പതിന് ഇമ്പാല ഗാർഡൻ ഓഡിറ്റോറിയത്തിൽ പൊതു സമ്മേളനം ചേരുന്നു. മുഴുവൻ പ്രവാസി മലയാളികളും എയർപോർട്ട് സംരക്ഷണ പോരാട്ടത്തിൽ ഭാഗവാക്കാൻ എത്തിച്ചേരണമെന്ന് സിയാട്ട അഭ്യർഥിച്ചു.

പത്രസമ്മേളനത്തിൽ സിയാട്ട ചെയർമാൻ കെ.സി. അബ്ദുറഹ്മാൻ, കൺവീനർ നാസർ ചാവക്കാട് എന്നിവർ പങ്കെടുത്തു.

<ആ>റിപ്പോർട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂർ