ജെസിസിയുടെ വൈക്കം മുഹമ്മദ് ബഷീർ പുരസ്കാരം അടൂർ ഗോപാലകൃഷ്ണന്
Wednesday, September 7, 2016 7:13 AM IST
കുവൈത്ത്: ജനതാ കൾചറൽ സെന്റർ (ജെസിസി) കുവൈറ്റിന്റെ ആറാമത് വൈക്കം മുഹമ്മദ് ബഷീർ അവാർഡിന് അടൂർ ഗോപാലകൃഷ്ണനെ തെരഞ്ഞെടുത്തു. പ്രശസ്തി പത്രവും ശില്പവും 25,000 രൂപയും അടങ്ങുന്നതാണ് അവാർഡ്.

നവംബർ 18നു (വെള്ളി) മംഗഫ് ഇന്ദ്രപ്രസ്‌ഥം ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ അവാർഡ് സമർപ്പിക്കും. ചടങ്ങിൽ വാർഷിക പൊതുയോഗവും ഓണാഘോഷ പരിപാടികളും നടക്കും. ഇന്ത്യൻ അംബാസഡർ സുനിൽ ജെയിൻ ഉദ്ഘാടനം ചെയ്യുന്ന പരിപാടിയിൽ അവാർഡ് ജേതാവിനെ കൂടാതെ ജൂറി അംഗങ്ങളായ ആർ. ശ്രീകണ്ഠൻനായർ, സൂര്യകൃഷ്ണമൂർത്തി, ബാലു കിരിയത്ത് എന്നിവർ പങ്കെടുക്കും.

തനത് മേഖലകളിൽ വ്യക്‌തിമുദ്ര പതിപ്പിച്ചവരും സമഗ്ര സംഭാവനകൾ നൽകിയവരുമായ ബഹുമുഖ പ്രതിഭകളെയാണ് അവാർഡിനായി പരിഗണിച്ചതെന്ന് സംഘാടർ പറഞ്ഞു. എം.പി. വീരേന്ദ്രകുമാർ എംപി, എം.പി. അബ്ദുസമദ് സമദാനി, ജോണി ലൂക്കോസ്, സി. രാധാകൃഷ്ണൻ, ജോൺ ബ്രിട്ടാസ് എന്നിവരാണ് ഇതിനു മുമ്പ് പുരസ്കാരം സ്വന്തമാക്കിയിട്ടുള്ളത്.

ഈ വർഷം മുതൽ ഹൈസ്കൂൾ വിദ്യാർഥികളെ ഉൾപെടുത്തിക്കൊണ്ട് വൈക്കം മുഹമ്മദ് ബഷീർ ചെറുകഥാരചന മത്സരം നടത്തുന്നു. മലയാളത്തിലും ഇംഗ്ലീഷിലുമാണ് മത്സരങ്ങൾ. ആദ്യ മൂന്നു സ്‌ഥാനക്കാർക്ക് അവാർഡുദാന ദിവസം അവാർഡ് ജേതാവ് കുട്ടികൾക്കു സമ്മാനിക്കും. പേര് രജിസ്റ്റർ ചെയ്യേണ്ട അവസാന തീയതി ഒക്ടോബർ 25 ആണ്. ഷരരസൗംമശേ*വീോമശഹ.രീാ എന്ന ഇമെയിൽ വിലാസത്തിലോ 99170905 എന്ന വാട്സ് ആപ്പ് നമ്പർ വഴിയോ രജിസ്റ്റർ ചെയ്യാവുന്നതാണ്. മത്സരം നവംബർ നാലിനു നടക്കും.

പത്രസമ്മേളനത്തിൽ സഫീർ പി. ഹാരിസ് (പ്രസിഡന്റ്), അബ്ദുൽ വഹാബ് (ജനറൽ സെക്രട്ടറി), മണി പാനൂർ (പ്രോഗ്രാം ജനറൽ കൺവീനർ), ഖലീൽ കായംകുളം (ട്രഷറർ), രാജേഷ് നീലേശ്വരം എന്നിവർ പങ്കെടുത്തു.

<ആ>റിപ്പോർട്ട്: സലിം കോട്ടയിൽ