ശിരോവസ്ത്രത്തിനെതിരെ അധികൃതർ: പരാതിയുമായി ക്രിസ്ത്യൻ യുവതി കോടതിയിലേക്ക്
Wednesday, September 7, 2016 7:08 AM IST
മോണ്ട്ഗോമറി (അലബാമ): ഡ്രൈവിംഗ് ലൈസൻസ് ഫോട്ടോ എടുക്കുന്നതിനു ശിരോവസ്ത്രം നിർബന്ധപൂർവം മാറ്റണമെന്നാവശ്യപ്പെട്ട അലബാമ മോട്ടോർ വെഹിക്കിൾസ് ഡിപ്പാർട്ടുമെന്റ് ഉദ്യോഗസ്‌ഥരുടെ നിലപാടുകൾക്കെതിരെ ക്രിസ്ത്യൻ വനിത പരാതിയുമായി കോടതിയിൽ.

ചില മതവിഭാഗങ്ങളിലെ സ്ത്രീകൾക്ക് ശിരോവസ്ത്രം ധരിച്ചു ഫോട്ടോ ആകാമെങ്കിൽ എന്തുകൊണ്ട് ആ ആനൂകൂല്യം തനിക്കു അനുവദിക്കാത്തതെന്നാണ് പരാതിക്കാരിയായ വോൺ അലന്റെ ചോദ്യം. എല്ലാ മതവിശ്വാസങ്ങളോടും സംസ്‌ഥാന സർക്കാർ ഒരേ നയമാണ് സ്വീകരിക്കേണ്ടതെന്നും പരാതിയിൽ പറയുന്നു. സിക്ക്, മുസ്ലിം മത വിഭാഗങ്ങൾക്കു വഴങ്ങി 2004ൽ ശിരോവസ്ത്രത്തൊടൊപ്പം ഫോട്ടോ എടുക്കുന്നതിന് അനുമതി നൽകിയിരുന്നു. എന്നാൽ ക്രിസ്ത്യൻ സ്ത്രീകൾക്ക് ഈ ഇളവു ലഭിക്കുന്നില്ല.

വോൺ അലനുവേണ്ടി അലബാമ അമേരിക്കൻ സിവിൽ ലിബർട്ടീസ് യൂണിയനാണ് ലൊ സ്യൂട്ട് ഫയൽ ചെയ്തിരിക്കുന്നത്.

അനുസരണത്തിന്റേയും സമർപ്പണത്തിന്റേയും അടയാളമാണ് ശിരോവസ്ത്രമെന്നും ശിരോവസ്ത്രം ധരിക്കാതിരിക്കുന്നതു ദൈവിക കല്പന ലംഘനമാകുമെന്നും അലൻ വിശ്വസിക്കുന്നു.

അതിനാൽ മോട്ടോർ വെഹിക്കിൾ ഉദ്യോഗസ്‌ഥരുടെ നിർബന്ധത്തിനു വഴങ്ങാൻ തയാറല്ലെന്നും ശിരോവസ്ത്രം ധരിച്ചു ഫോട്ടോ എടുക്കുവാൻ അനുവദിക്കണമെന്നും ആവശ്യപ്പെട്ടാണ് ഇവർ കോടതിയെ സമീപിച്ചിരിക്കുന്നത്.

<ആ>റിപ്പോർട്ട്: പി.പി. ചെറിയാൻ