പർവി പട്ടേൽ ജയിൽ മോചിതയായി
Tuesday, September 6, 2016 6:46 AM IST
ഇന്ത്യാനപോലീസ്: സ്വയം ഗർഭചിദ്രത്തിനു വിധേയയായി പൂർണ വളർച്ചഎത്താത്ത ജീവനുള്ള കുഞ്ഞിനെ വീടിനു പുറകിലുള്ള ട്രാഷ് കാനിൽ നിക്ഷേപിച്ച കേസിൽ ഇന്ത്യൻ വനിത പർവി പട്ടേലിനു (35) നൽകിയിരുന്ന 20 വർഷത്തെ തടവുശിക്ഷ അവസാനിപ്പിച്ചു സ്വതന്ത്രയാക്കുന്നതിന് കോടതി ഉത്തരവിട്ടു.

ചൈൽഡ് നെഗ്ലറ്റിന് ഓഗസ്റ്റ് 31നു സെന്റ് ജോസഫ്സ് കൗണ്ടി ജഡ്ജി 18 മാസം തടവുശിക്ഷ വിധിച്ചിരുന്നു. ഇതിനകം 18 മാസം ശിക്ഷ അനുഭവിച്ചുകഴിഞ്ഞതായി കോടതി കണ്ടെത്തി. കോടതി ഉത്തരവിനെത്തുടർന്നു സെപ്റ്റംബർ ഒന്നിനു പർവി പട്ടേലിനെ ജയിൽ വിമുക്‌തയാക്കിയതായി ഇന്ത്യാന ഡിപ്പാർട്ട്മെന്റ് ഓഫ് കറക്ഷൻ വക്‌താവ് ഡഗ് ഗാരിസൺ അറിയിച്ചു.

ഇന്ത്യാനയിൽ സ്ത്രീകൾക്കുവേണ്ടിയുള്ള ജയിലിൽനിന്നും പുറത്തിറങ്ങിയ പർവിയെ സ്വീകരിക്കാൻ കുടുംബാംഗങ്ങളും സുഹൃത്തുക്കളും എത്തിയിരുന്നു.

2013 ജൂലൈയിലായിരുന്നു സംഭവം. ഇന്റർനെറ്റുവഴി ഗുളികകൾ ഓർഡർ ചെയ്താണ് പർവി ഗർഭചിദ്രം നടത്തിയത്. 25 മാസം പ്രായമായ കുഞ്ഞു ജനിച്ചതിനുശേഷം ശ്വാസോഛ്വാസം ചെയ്തതായി ഡോക്ടർമാർ പറയുന്നു. ഗർഭചിദ്രത്തിനുശേഷം ഉണ്ടായ രക്‌തസ്രാവം തടയുന്നതിനു പർവി ആശുപത്രികളിൽ ചികിത്സ തേടിയതോടെയാണ് വിവരം പുറത്തറിയുന്നത്.

കുഞ്ഞു പറത്തുവരുമ്പോൾതന്നെ മരിച്ചിരുന്നു എന്ന വാദം തള്ളിയ കോടതി 2015ൽ 20 വർഷത്തെ തടവിനു ശിക്ഷിച്ചു.

ഗർഭചിദ്രം നടത്തുന്നതിന് സ്ത്രീകൾക്ക് അവകാശമുണ്ടെന്ന വാദം ഉയർത്തി നിരവധി സംഘടനകൾ പർവിയുടെ ശിക്ഷയ്ക്കെതിരെ രംഗത്തെത്തിയിരുന്നു. കോടതി വിധിക്കെതിരെ സംസ്‌ഥാനം അപ്പീൽ നൽകുന്നതല്ലെന്നു അറ്റോർണി അറിയിച്ചു.

<ആ>റിപ്പോർട്ട്: പി.പി. ചെറിയാൻ